റഷ്യന്‍ ക്രൂഡ് ഓയില്‍ വിപണി; ആശ്രയം ഇന്ത്യയും ചൈനയും മാത്രം
- റഷ്യന്‍ ക്രൂഡ് ഓയില്‍ 80 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയും
- ഇന്ത്യ പ്രതിദിനം വാങ്ങുന്നത് ഏതാണ്ട് രണ്ട് ദശലക്ഷം ബാരല്‍
- റഷ്യയുടെ 90 ശതമാനത്തിലധികം എണ്ണയും ഇന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്ക്
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളാണ് ഇന്ത്യയും ചൈനയും. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 80 ശതമാനവും ഈ രാജ്യങ്ങളിലേക്കായിരുന്നു. പ്രത്യേക നിരക്കില്‍ വില കുറച്ചാണ് റഷ്യന്‍ ഓയില്‍ എത്തുന്നത് എന്നത് ഇന്ത്യക്കും ചൈനയ്ക്കും ഗുണകരമായി.
ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം കാരണമാണ് റഷ്യക്ക് എണ്ണവില്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത്. മെയ്മാസത്തില്‍ റഷ്യ നടത്തിയ ഓയില്‍ കയറ്റുമതിയുടെ 80ശതമാനവും ഇന്ത്യയിലേക്കും ചൈനയിലേക്കുമായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഉപരോധം വന്നതോടെ യൂറോപ്പിലേക്കുള്ള റഷ്യയുടെ ഓയില്‍വില്‍പ്പന അവസാനിച്ചു. തുടര്‍ന്ന് മോസ്‌കോ ഏഷ്യയില്‍ പുതിയ ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു. ഇന്ത്യ വാങ്ങുന്നത് പ്രതിദിനം ഏതാണ്ട് രണ്ട് ദശലക്ഷം ബാരലായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ചൈന ഇപ്പോള്‍ പ്രതിദിനം 500,000 ബാരല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 2.2 ദശലക്ഷം ബാരലാണ് ബെയ്ജിംഗിന്റെ ഇറക്കുമതി. ഐഇഎയുടെ ഏറ്റവും പുതിയ ഓയില്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയില്‍ നിന്ന് കടല്‍ വഴിയുള്ള ക്രൂഡ് കയറ്റുമതി മെയ് മാസത്തില്‍ പ്രതിദിനം ശരാശരി 3.87 ദശലക്ഷം ബാരലായിരുന്നു. 2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇപ്പോള്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 45ശതമാനവും റഷ്യയില്‍നിന്നാണ്. ചൈനയുടേത് 20ശതമാനവും.
യൂറോപ്പിലെ റഷ്യയുടെ ക്രൂഡ് കയറ്റുമതി വിപണികള്‍ ഇറക്കുമതി നിരോധിക്കുകയും ജി7 രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മോസ്‌കോ പ്രതിസന്ധിയിലാകുകയായിരുന്നു.
ഇപ്പോള്‍ റഷ്യയുടെ 90 ശതമാനത്തിലധികം ക്രൂഡോയില്‍ ഏഷ്യയിലേക്കാണ് പോകുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 14 ശതമാനം കൂടുതലുമാണ്.
2023ല്‍ ഇന്ത്യന്‍ ജിഡിപി 4.8 ശതമാനമായി വളരുമെന്നും 2024ല്‍ 6.3 ശതമാനമായി ഉയരുമെന്നും 2025-28ല്‍ 7 ശതമാനത്തിലേക്ക് എത്തുമെന്നും ഐഇഎ പ്രവചിക്കുന്നുണ്ട്. ''അനുകൂലമായ ജനസംഖ്യാശാസ്ത്രവും വികസിക്കുന്ന മധ്യവര്‍ഗവും വളര്‍ച്ചയെ സ്വാധീനിക്കും,''എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള എണ്ണ ആവശ്യകതയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കാന്‍ ഒരുങ്ങുകയുമാണ്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ന് ഇന്ത്യയുടേതാണ്. 2023-ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി നാം ചൈനയെ മറികടക്കുകയും ചെയ്തു.
നഗരവല്‍ക്കരണം, വ്യാവസായികവല്‍ക്കരണം, ചലനാത്മകതയ്ക്കും വിനോദസഞ്ചാരത്തിനും താല്‍പ്പര്യമുള്ള ഒരു സമ്പന്ന മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവം തുടങ്ങിയ പ്രവണതകള്‍ ഇന്ന് ഇവിടെ കാണുന്നുണ്ട്. ഇക്കാരണത്താല്‍ 2022 നും 2028 നും ഇടയില്‍ ഇന്ത്യന്‍ എണ്ണയുടെ ആവശ്യം പ്രതിദിനം ഒരു ദശലക്ഷം ബാരലിലധികം വര്‍ധിക്കും.
പ്രധാന ഇന്ധനമായ ഡീസലിന്റെ ആവശ്യകതയും വര്‍ധിക്കും. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്.