റഷ്യയുമായി എണ്ണ ഇതര വ്യാപാരങ്ങളും രൂപയില്‍ നടന്നതായി യൂകോ ബാങ്ക്: മൂന്നാമതൊരു കറന്‍സിക്കായി മോസ്‌കോയുടെ ശ്രമം

  • രൂപയുടെ വിനിമയം അന്താരാഷ്ട്രവല്‍ക്കരിക്കുക ഇന്ത്യയുടെ ലക്ഷ്യം
  • റഷ്യ രൂപ തെരഞ്ഞെടുത്തത് ഡോളറിനെ അമിതമായി ആശ്രയിക്കാതിരിക്കാന്‍
  • രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുന്നു

Update: 2023-05-17 05:37 GMT

ഈ വര്‍ഷം ആദ്യം മുതല്‍ ഇന്ത്യയും റഷ്യയും തങ്ങളുടെ ചില എണ്ണ ഇതര വ്യാപാരങ്ങള്‍ രൂപയില്‍ ആക്കിയിരുന്നു. റഷ്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ലെന്‍ഡര്‍ യുകോ ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിദേശ വ്യാപാരം രൂപയിലാക്കുന്നതിനുള്ള സംവിധാനം പ്രഖ്യാപിച്ചത്. ഈ നടപടി രൂപയുടെ ഉപയോഗം അന്താരാഷ്ട്രവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നത്.

'ദേശീയ കറന്‍സികളിലും സൗഹൃദ രാജ്യങ്ങളുടെ കറന്‍സികളിലും' കൂടുതല്‍ വ്യാപാരം നടത്താന്‍ റഷ്യയും താല്‍പ്പര്യപ്പെടുന്നുണ്ട്.

ഉക്രെയ്‌നിലെ യുദ്ധത്തെത്തുടര്‍ന്ന് ഉണ്ടായ പാശ്ചാത്യ ഉപരോധങ്ങള്‍ക്കുശേഷം യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ റഷ്യ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് ഏപ്രിലില്‍ പറഞ്ഞിരുന്നു.

ഇതുവരെ, റഷ്യയിലെ ഗാസ്പ്രോംബാങ്ക് മാത്രമാണ് യുകോ ബാങ്കില്‍ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ട് തുറന്നിട്ടുള്ളതെന്ന് യുസിഒ ചീഫ് എക്സിക്യൂട്ടീവ് സോമ ശങ്കര പ്രസാദ് പറഞ്ഞു. പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ റഷ്യയില്‍ നിന്നുള്‍പ്പെടെ മറ്റ് വിദേശ ബാങ്കുകളില്‍ നിന്ന് യുസിഒയ്ക്ക് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി മുതല്‍ ഏകദേശം 19-20 ഇടപാടുകള്‍ രൂപയില്‍ നടന്നിട്ടുണ്ട്. ഈ ഇടപാടുകളെല്ലാം റഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയാണ്.

ഇന്ത്യയില്‍ നിന്നും റഷ്യയിലേക്കുള്ള കയറ്റുമതിക്കായി മോസ്‌കോ തിരികെ നല്‍കുന്നത് രൂപയാണ്.

ഇരുവശത്തുമായി രൂപയില്‍ വ്യാപാരം ആരംഭിച്ചതിന് തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് പ്രസാദ് പറഞ്ഞു. ഈ വ്യാപാരം തുടക്കകാലഘട്ടത്തിലാണ്. ഇത് വര്‍ധിച്ചുവരുമെന്നാണ് പ്രതീക്ഷ. ഇരുപക്ഷത്തിനും വേണമെങ്കില്‍, എണ്ണ വ്യാപാരം പൂര്‍ണ്ണമായും രൂപയുടെ കൈമാറ്റത്തിലൂടെ നടത്താനാകും.

റഷ്യയുമായുള്ള ഇന്ത്യയുടെ വാര്‍ഷിക വ്യാപാരം കഴിഞ്ഞ വര്‍ഷം 13.1 ബില്യണ്‍ ഡോളറിന്റേതായിരുന്നു. മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ അത് 44.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

2022-23 ല്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. ആദ്യമായി ഇറാഖിനെ അവര്‍ മറികടന്നതായി വ്യാപാര സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച ഡാറ്റ കാണിക്കുന്നു.

ഈ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍, മെഷിനറി ഇറക്കുമതി, റോഡ് നിര്‍മ്മാണത്തിനുള്ള ഘടകങ്ങള്‍, ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഇന്ത്യയില്‍ നിന്നുള്ള സപ്ലൈകള്‍ വിപുലീകരിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു. സ്വതന്ത്ര വ്യാപാര കരാറിനും ഉഭയകക്ഷി നിക്ഷേപ കരാറിനുമായി രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി പറയുന്നു.

ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപ മറ്റ് കറന്‍സികളിലേക്ക് മാറ്റുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ ഇറക്കുമതി വര്‍ധിച്ചതിനാല്‍ വ്യാപാര ബാലന്‍സ് റഷ്യക്ക് അനുകൂലമാണ്. എന്നാല്‍ വേറൊരു കറന്‍സിയില്‍ വ്യാപാരമാകാമെന്ന് റഷ്യ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. കാരണം രൂപ റഷ്യയില്‍ ആവശ്യത്തിലധികമായി.

അതൊരു പ്രശ്‌നമാകാതിരിക്കാന്‍ ചൈനീസ് കറന്‍സി അവര്‍ നിര്‍ദേശിക്കുകപോലും ചെയ്തു. ഇതിനെത്തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി നടന്ന ചര്‍ച്ച നിര്‍ത്തി വെച്ചതായി നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

റഷ്യ പോലൊരു രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നു ചരക്കുകള്‍ക്ക് പരിമിതിയുണ്ട്. കാരണം റഷ്യ വിഭവ സമൃദ്ധമാണ്. ഇപ്പോള്‍ രൂപ ഒഴിവാക്കി മറ്റൊരു കറന്‍സി സ്വീകരിക്കാനുള്ള ശ്രമം മോസ്‌കോ നടത്തുന്നുണ്ട്.

ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വെട്ടിലായിപ്പോയ റഷ്യക്ക് എണ്ണ വില്‍പ്പന പ്രതിസന്ധി സൃഷ്ടിച്ചു. ആ സമയത്ത് ഇന്ത്യ അവിടെ നേരിട്ട് ഇടപെടുകയായിരുന്നു. എന്നാല്‍ റഷ്യന്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ രൂപ എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയാണ് റഷ്യക്കുള്ളത്. ഇക്കാരണത്താല്‍ മൂന്നാമത ാെരു കറന്‍സിയിലേക്ക് വ്യാപാരം മാറാനുള്ള സാധ്യതയും ഏറെയാണ്.

Tags:    

Similar News