മലകൾ ബന്ധിപ്പിക്കാൻ 1.25 ലക്ഷം കോടിയുടെ റോപ് വേ പദ്ധതിയുമായി ഗഡ്കരി
- റോപ് വേ ശൃംഖല വികസിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും
- മലയോര മേഖലകളില്‍ റോപ് വേ വിനോദസഞ്ചാരം സുഗമമാക്കുമെന്ന് മന്ത്രി
- വിനോദസഞ്ചാര മേഖലയ്ക്ക് ധാരാളം അവസരങ്ങൾ
ഡൽഹി: ദേശീയ റോപ് വേ വികസന പദ്ധതിയായ 'പര്‍വ്വത്മല പരിയോജന' പ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.25 ലക്ഷം കോടി രൂപ ചെലവില്‍ 200 ലധികം പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
രാജ്യത്തെ റോപ് വേ ശൃംഖല വികസിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള പ്രോജക്ട് ചെലവ് കുറച്ചുകൊണ്ട് റോപ് വേകള്‍ സാമ്പത്തികമായി ലാഭകരമാക്കുക എന്നതുമണ് മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു.
മലയോര മേഖലകളില്‍ വിനോദസഞ്ചാരം സുഗമമാക്കുന്നതിനൊപ്പം നഗര പൊതുഗതാഗതത്തിലും റോപ്വേ വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിനോദസഞ്ചാരത്തെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും ഗുണപരമായി സ്വാധീനിക്കാന്‍ റോപ്വേകള്‍ക്ക് വലിയ സാധ്യതകളുണ്ട്.
ഇന്ന്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഞ്ചാം സ്ഥാനത്താണ്, മൂന്നാം സ്ഥാനത്തെത്താനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതവും ചെലവ് കാര്യക്ഷമവും ഗുണപരവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ റോപ്വേ ഘടകങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിലവിലുള്ള നയങ്ങളുടെയും കോഡുകളുടെയും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കൊണ്ടുവരുന്നതിനും റോപ്വേ വ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുമാണ് മുന്‍ഗണനയെന്ന് ഗഡ്കരി പറഞ്ഞു.
ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ 60 ശതമാനം നിര്‍മ്മാണ പിന്തുണയും ദേശീയ പാതകള്‍ക്ക് കീഴില്‍ നല്‍കുന്ന 40 sathamanamപിന്തുണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പര്‍വ്വത്മല പരിയോജനയ്ക്ക് കീഴില്‍ റോപ്പ്വേകള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കാനാകുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.