വിഗാര്‍ഡ് 660 കോടിയുടെ ഏറ്റെടുക്കലിന്: കിച്ചണ്‍ അപ്ലൈന്‍സ് ബ്രാൻഡായ സണ്‍ ഫ്ളെയിം ഇനി കേരളത്തിന് സ്വന്തം

കമ്പനിയുടെ ഏറ്റെടുക്കല്‍ വി ഗാര്‍ഡിനു നിര്‍ണായക വഴിത്തിരിവാണെന്നും കിച്ചന്‍ അപ്ലയന്‍സ് രംഗത്ത് രാജ്യത്തെ മുന്‍ നിര കമ്പനിയായി മാറുന്നതാണ് ലക്ഷ്യമെന്നും വി ഗാര്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

Update: 2022-12-09 11:48 GMT



പ്രമുഖ ഇലക്ട്രിക്കല്‍, ഗൃഹോപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ്, കിച്ചന്‍ അപ്ലൈന്‍സ് കമ്പനിയായ സണ്‍ ഫ്ളെയിം എന്റര്‍പ്രൈസസിനെ ഏറ്റെടുക്കുന്നു. കമ്പനിയുടെ 100 ശതമാനം ഓഹരികളും 660 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ വി ഗാര്‍ഡ് ഒപ്പുവച്ചു. ആഭ്യന്തര വിപണിയില്‍ കിച്ചന്‍ അപ്ലയന്‍സ് വിഭാഗത്തില്‍ വി ഗാര്‍ഡിനു നിര്‍ണായകമായ സ്ഥാനം വളര്‍ത്തിയെടുക്കുന്നതിനാണ് ഈ ഏറ്റെടുക്കല്‍.

പുതുവർഷത്തിൽ പൂർത്തിയാകും

സണ്‍ ഫ്ളെയിം ബ്രാന്‍ഡിന് കീഴിലുള്ള സണ്‍ ഫ്ളെയിം എന്റര്‍പ്രൈസിന് രാജ്യം മുഴുവനും ബിസിനസ് സാന്നിധ്യമുണ്ട്. പുതവര്‍ഷത്തില്‍ ആദ്യമാസം  പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ക്യാഷ് ഫ്രീ ഡെബ്റ്റ് ഫ്രീ' അടിസ്ഥാനത്തില്‍ സണ്‍ഫ്‌ളവറിന്റെ ബാധ്യത ഒഴിവാക്കിയാണ് ഇടപാട്. ഏറ്റെടുക്കുന്നതിനുള്ള തുക വി ഗാര്‍ഡിന്റെ ആഭ്യന്തര വരുമാനം ഉപയോഗിച്ചും വായ്പ എടുത്തുമാണ് സമാഹരിക്കുന്നത്. 

വി ഗാർഡ്, വരുമാനം 3498 കോടി

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി ഗാര്‍ഡ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 3,498 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 32 ഓളം ശാഖകളും 50,000 ചാനല്‍ പങ്കാളികളും കമ്പനിക്കുണ്ട്. കഴിഞ്ഞ 45 വര്‍ഷമായി, ശക്തമായ വളര്‍ച്ചയുള്ള കമ്പനി വോള്‍ട്ടേജ് സ്റ്റെബിലൈസറുകള്‍, ഇന്‍വെര്‍ട്ടര്‍ & ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, പമ്പുകള്‍ & മോട്ടോറുകള്‍, ഗാര്‍ഹിക സ്വിച്ച്ഗിയറുകള്‍, വയര്‍, കേബിള്‍, ഫാന്‍, മോഡുലാര്‍ സ്വിച്ച്്, എയര്‍ കൂളര്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-പ്രൊഡക്റ്റ് കമ്പനിയായി പിന്നീട് വൈവിധ്യവല്‍ക്കരിക്കപ്പെട്ടു.

വി ഗാര്‍ഡിനു ഇന്ത്യയിലെ വിവിധ വിഭാഗങ്ങളില്‍ വിപണി നേതൃത്വം ഉള്ളതോടൊപ്പം , ഇന്റലിജന്റ് & സ്മാര്‍ട്ട് വാട്ടര്‍ ഹീറ്ററുകള്‍, സ്മാര്‍ട്ട് ഇന്‍വെര്‍ട്ടറുകള്‍, എല്‍ഇഡി ലൈറ്റുകളുള്ള സ്മാര്‍ട്ട് ഫാനുകള്‍ തുടങ്ങി നിരവധി 'ഇന്‍ഡസ്ട്രി-ഫസ്റ്റ്' സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ ഉല്‍പ്പന്ന നേതൃത്വവുമുണ്ട്. നാലു പതിറ്റാണ്ടായി കുക്ക്‌ടോപ്പ്, ചിമ്മ്‌നി, പ്രഷര്‍ കുക്കര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, അടുക്കള ഉപകരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്ന നിരയില്‍ സജീവ സാന്നിധ്യമുള്ള കമ്പനിയാണ് സണ്‍ ഫ്ളെയിം എന്റര്‍പ്രൈസസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 349.8 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വഴിത്തിരിവെന്ന് മിഥുൻ ചിറ്റിലപ്പള്ളി


കമ്പനിയുടെ ഏറ്റെടുക്കല്‍ വി ഗാര്‍ഡിനു നിര്‍ണായക വഴിത്തിരിവാണെന്നും കിച്ചന്‍ അപ്ലയന്‍സ് രംഗത്ത് രാജ്യത്തെ മുന്‍ നിര കമ്പനിയായി മാറുന്നതാണ് ലക്ഷ്യമെന്നും വി ഗാര്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

Tags:    

Similar News