എഫ്എംസിജി വിപണി വിപുലീകരണം, സോസിയോ ബിവറേജ്സിന്റെ 50% ഓഹരി റിലയന്‍സ് ഏറ്റെടുക്കുന്നു

Update: 2023-01-04 05:22 GMT


ഡെല്‍ഹി:റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (ആര്‍സിപിഎല്‍) ശീതള പാനീയങ്ങളും, ജ്യൂസുകളും ഉത്പാദിപ്പിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സോസിയോ ഹജൂരി ബീവറേജ്സി (എസ്എച്ച്ബിപിഎല്‍) ന്റെ 50 ശതമാനം ഓഹരികളള്‍ ഏറ്റെടുക്കുന്നു.

എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ആര്‍സിപിഎല്ലിന്റെ ശീതള പാനീയ പോര്‍ട്ട്ഫോളിയോ വിപുലപ്പെടുത്താനാണ് ഈ ഏറ്റെടുക്കലെന്നാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വര്‍ (ആര്‍ആര്‍വിഎല്‍) വ്യക്തമാക്കുന്നത്. രാജ്യത്തെ മുന്‍നിര റീട്ടെയില്‍ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിന്റെ എഫ്എംസിജി വിഭാഗവും, അനുബന്ധ സ്ഥാപനവുമാണ് ആര്‍സിപിഎല്‍.

1923-ല്‍ അബ്ബാസ് അബ്ദുല്‍റഹിം ഹജൂരി സ്ഥാപിച്ച 100 വര്‍ഷം പഴക്കമുള്ള എസ്എച്ച്ബിപിഎല്ലിന്റെ പ്രമോട്ടര്‍മാര്‍ ഹജൂരി കുടുംബമാണ്. ഇവര്‍ക്കായിരിക്കും അവശേഷിക്കുന്ന ഓഹരി പങ്കാളിത്തം. എസ്എച്ച്ബിപിഎല്ലിന് ഗുജറാത്തില്‍ ഒരു നിര്‍മാണ പ്ലാന്റുണ്ട്. ഗുജറാത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി ഫ്രാഞ്ചൈസികളിലൂടെയാണ് കമ്പനി ഉത്പന്ന വിതരണം നടത്തുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ ഇത് വിദേശ വിപണികളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

ആര്‍ആര്‍വിഎല്‍ ഡയറക്ടര്‍ ഇഷ അംബാനി 2022 ഓഗസ്റ്റ് 29 ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ എഫ്എംസിജി ബിസിനസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


പാക്കേജ്ഡ് ഉത്പന്ന ബ്രാന്‍ഡായ 'ഇന്‍ഡിപെന്‍ഡന്‍സ്'ഡിസംബറില്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഈ ബ്രാന്‍ഡിന് കീഴില്‍ സ്റ്റേപ്പിള്‍സ് മുതല്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, മറ്റ് ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലായി ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഡന്‍, ലാഹോറി സീറ, ബിന്ദു ബിവറേജസ് എന്നിവയും ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Tags:    

Similar News