ബാധ്യതയിൽ 436 കോടി രൂപ വീഴ്ച വരുത്തി കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ്
- ബാങ്കുകളിൽ നിന്നുമുള്ള വായ്പ 220.65 രൂപയാണ്.
- ഡെറ്റ് സെക്യുരിറ്റികളിൽ നിന്ന് 240 .41 കോടി രൂപ സമാഹരിച്ചിട്ടുണ്ട്
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ പ്രമുഖ കമ്പനിയായ കോഫി ഡേ എന്റർപ്രൈസ് ലിമിറ്റഡ് (സിഡിഇഎൽ) മൊത്ത ബാധ്യതയിൽ 436.06 കോടി രൂപയുടെ വീഴ്ച വരുത്തി. ഹ്രസ്വ ദീർഘ കാല ബാധ്യതകൾ ഉൾപ്പെടെയുള്ള സ്ഥാപനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയിൽ തിരിച്ചടക്കാൻ വീഴ്ച വരുത്തിയ തുകയാണ് ഇതെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിൽ ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുമെടുത്ത വായ്പ 220.65 കോടി രൂപയാണ്. ഈ തുകയിൽ കമ്പനി ഇതുവരെ 189.87 കോടി രൂപയും തിരിച്ചടക്കുന്നതിൽ പരാജയപെട്ടു. പലിശയിനത്തിൽ 5.78 കോടി രൂപയും വീഴ്ച വരുത്തിയിട്ടുണ്ട്.
നോൺ കൺവെർട്ടിൽ ഡിബെഞ്ചർ, നോൺ കൺവെർട്ടിൽ റെഡീമബിൾ പ്രീഫെറൻസ് ഷെയർ എന്നി ലിസ്റ്റ് ചെയ്യാതെ ഡെറ്റ് സെക്യുരിറ്റി വഴി സമാഹരിച്ച 240.41 കോടി രൂപയിൽ മുഴുവൻ തുകയും തിരിച്ചടക്കുന്നതിനു കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ 40.41 കോടി രൂപ പലിശയാണ്.
കമ്പനിയുടെ ടെക്‌നോളജി ബിസിനസ് പാർക്ക്, ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പിന് വിൽക്കുന്നതിലൂടെ മൊത്തം 1,644 കോടി രൂപയുടെ വായ്പ, 13 വായ്പ ദാതാക്കൾക്ക് തിരിച്ചടക്കുമെന്ന് 2020 മാർച്ചിൽ, പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ആദ്യം, മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ്സ് ലിമിറ്റഡിൽ നിന്ന് വകമാറ്റിയ മുഴുവൻ തുകയും അർഹമായ പലിശ സഹിതം വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സെബി സിഡിഇഎൽ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. പ്രമോട്ടർമാരുമായി ബന്ധപ്പെട്ട ഒരു സ്ഥാപനമാണ് മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ്സ് ലിമിറ്റഡ് .
കൂടാതെ കമ്പനിയുടെ ഉപസ്ഥാപനങ്ങളിൽ നിന്ന് 3,535 കോടി രൂപ വക മാറ്റുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സെബി 26 കോടി രൂപ പിഴയും കമ്പനിക്കെതിരെ ചുമത്തിയിരുന്നു. തുക വീണ്ടെടുക്കാൻ ഒരു നിയമ സ്ഥാപനത്തെ നിയമിച്ചതായി കമ്പനി സെബിയെ അറിയിച്ചു.