ഇ-റുപ്പി റീട്ടെയില്‍ പ്രോജക്ട്, 3 ദിനം കൊണ്ട് 2,000 ഇടപാടുകള്‍
- പ്രോജക്ടിനായി ഏകദേശം 1.71 കോടി രൂപയുടെ 'ഇ റുപ്പിയാണ്' ആര്‍ബിഐ തയാറാക്കിയിരുന്നത്.
- വരും ദിവസങ്ങളില്‍ പ്രോജക്ടുമായി നാലു ബാങ്കുകള്‍ കൂടി സഹകരിക്കും.
ഡെല്‍ഹി: റീട്ടെയില്‍ ഇടപാടിനായുള്ള ഇ റുപ്പിയുടെ പൈലറ്റ് പ്രോജക്ട് ആരംഭിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ 2,000 ഇടപാടുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട്. പ്രോജക്ടമായി സഹകരിക്കാന്‍ കൂടുതല്‍ ബാങ്കുകള്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ മുന്നോട്ട് വന്നേക്കുമെന്നും, വരും ദിവസങ്ങളിലെ പൈലറ്റ് പ്രോജക്ടില്‍ 50,000 വ്യാപാരികളേയും ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തിയേക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റ് പ്രോജക്ടിനായി ഏകദേശം 1.71 കോടി രൂപയുടെ 'ഇ റുപ്പിയാണ്' ആര്‍ബിഐ തയാറാക്കിയിരുന്നത്.
നിലവില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഇ റുപ്പി റീട്ടെയില്‍ പൈലറ്റ് പ്രോജക്ടില്‍ സഹകരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ പൈലറ്റ് പ്രോജക്ടിന്റെ അടുത്ത ഘട്ടത്തില്‍ സഹകരിക്കും. നിലവില്‍ മുംബൈ, ഡെല്‍ഹി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ മുഖ്യ നഗരങ്ങളിലാണ് പൈലറ്റ് പ്രോജക്ട് നടക്കുന്നത്. വരും ആഴ്ച്ചകളില്‍ ഇത് അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവഹാത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്‌നൗ, പാറ്റ്‌ന, ഷിംല എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ മാസം ആദ്യ വാരം ഹോള്‍സെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് നടത്തിയിരുന്നു ആദ്യദിനം തന്നെ 275 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടിലാണ് ഇ റുപ്പി ആദ്യമായി ഉപയോഗിച്ചത്. പദ്ധതിയില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയ ഒന്‍പത് ബാങ്കുകള്‍ 140 കോടി രൂപയുടെയും (24 ട്രേഡ് ഇടപാടുകള്‍), 130 കോടി രൂപയുടെയും (23 ട്രേഡ് ഇടപാടുകള്‍) ഇടപാടുകളാണ് നടത്തിയത്. പ്രോജക്ടുമായി സഹകരിക്കുന്ന ബാങ്കുകളെല്ലാം തന്നെ ആര്‍ബിഐയുമായി ഇടപാട് നടത്തുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ ഇ റുപ്പി സഹായിക്കുമെന്നും, ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്.
നിലവില്‍ നടത്തുന്ന പ്രോജക്ടുകള്‍ ആഴത്തില്‍ പഠിച്ച ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തി സാധാരണക്കാരിലേക്കുള്‍പ്പടെ ഇ-റുപ്പി വരും. ആര്‍ബിഐയുടെ ധനനയത്തിന് അനുസൃതമായി സൃഷ്ടിച്ചെടുത്തിരിക്കുന്നതാണ് ഇ-റുപ്പി. കേന്ദ്ര ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ മാത്രമാകും ഇത് ബാധ്യതയായി രേഖപ്പെടുത്തുക. അതായത് ആര്‍ബിഐയില്‍ നിന്നും ഒരു തവണ ഇറക്കുന്ന കറന്‍സി പിന്നീട് ഡിജിറ്റലായി തന്നെ സര്‍ക്കുലേറ്റ് (വിനിമയം) നടത്തുകയാകും.
സര്‍ക്കാര്‍ ഇറക്കുന്നതിനാല്‍ തന്നെ ഇ-റുപ്പി ഒരു ലീഗല്‍ ടെണ്ടറാണ്. അതായത് ഒരു സാഹചര്യത്തിലും ഈ ഡിജിറ്റല്‍ രൂപയുടെ മൂല്യം നിഷേധിക്കപ്പെടില്ല. ഇ-റുപ്പി ഫിയറ്റ് മണിയാക്കി (നോട്ടു രൂപത്തിലുള്ള പണം) മാറ്റാന്‍ എളുപ്പമാണ്. രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കും (ഇത് പൂര്‍ണമായും നടപ്പാക്കുന്നതോടെയാകും എല്ലാ ബാങ്കുകളിലും ഇടപാട് സാധ്യമാകുക). ഇ-റുപ്പി കൈവശം വെക്കുന്നതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. പകരം ഇ-റുപ്പി സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും വിധമുള്ള ഡിജിറ്റല്‍ വാലറ്റ് മതിയാകും. അതിനാലാണ് ഇതൊരു ഫംജിബിള്‍ ലീഗല്‍ ടെണ്ടറാണെന്ന് പറയുന്നത്. അതായത് ലളിതമായി തന്നെ കൈമാറ്റം ചെയ്യാന്‍ സാധിക്കും.