ചോദിച്ചത് 'ഫിന്‍ടെക്കി'നോടെങ്കിലും വായ്പ ബാങ്ക് തരും, ക്ലൗഡ് അധിഷ്ഠിത ഡിജി പ്ലാറ്റ്‌ഫോം വരുന്നു

  • വായ്പാ വിതരണം ഉള്‍പ്പടെ ഊര്‍ജ്ജിതമാക്കാന്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ച ശേഷം അതാത് ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കും.

Update: 2023-01-04 06:33 GMT

ഡെല്‍ഹി: നിങ്ങള്‍ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളില്‍ വായ്പകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ? ഒരുപക്ഷേ ഇനി അപേക്ഷ നല്‍കാന്‍ തീരുമാനിച്ചാലും ഒടുവില്‍ വായ്പ ലഭിക്കുന്നത് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുമാകും. വായ്പാ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും ഡിജിറ്റല്‍ രേഖകളുടെ പ്രോസസ്സിംഗ് സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമായി പൊതു മേഖലാ ബാങ്കുകളേയും ഫിന്‍ടെക്ക് സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്ന ക്ലൗഡ് അധിഷ്ഠിത ഡിജി പ്ലാറ്റ്‌ഫോമുകള്‍ വരുന്നതോടെയാണ് ഇത് സാധ്യമാകുക. ഇതുവഴി ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വായ്പാ അപേക്ഷകള്‍ ബാങ്കുകള്‍ക്ക് കൈമാറി വായ്പാ വിതരണം ഊര്‍ജ്ജിതമാക്കും. മാത്രമല്ല അപേക്ഷകന്റെ വായ്പാ യോഗ്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ സസൂക്ഷ്മം പരിശോധിച്ച് ബാങ്കിന് വിവരങ്ങള്‍ കൈമാറും.

ഇതിനായി ബാങ്കുകള്‍ ഫിന്‍ടെക്ക് കമ്പനികള്‍ക്ക് ഫീസ് / കമ്മീഷന്‍ വ്യവസ്ഥയില്‍ പണമടയ്ക്കുമെന്നാണ് സൂചന. വായ്പാ അപേക്ഷകരുടെ വിശദവിവരങ്ങള്‍ ഫിന്‍ടെക്ക് കമ്പനികള്‍ പരിശോധിച്ച് അതാത് ബാങ്കുകള്‍ക്കായി പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ് ചെയ്യും. ഇതുവഴി വായ്പാ വിതരണം ശക്തമാക്കാനായി ബാങ്ക് നടത്തേണ്ടി വരുന്ന പ്രവര്‍ത്തനങ്ങളുടെ ചെലവും, ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളില്‍ ബാങ്കുകള്‍ മുടക്കുന്ന തുകയുടെ അളവും കുറയും. പൊതുമേഖലാ ബാങ്കുകളെ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതല പിഎസ്ബി അലയന്‍സ് ലിമിറ്റഡിനാണ്.

ക്ലൗഡ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ച ശേഷം ഇത് അതാത് ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കും. മാത്രമല്ല ഇതിലേക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ അക്കൗണ്ട് സേവനങ്ങള്‍ നടത്തുന്ന കമ്പനികളുമായും ബന്ധിപ്പിക്കും. നവ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫിന്‍ടെക്ക് കമ്പനികളുമായി സഹകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിന്‍ടെക്ക് സ്ഥാപനങ്ങളില്‍ നിന്നും വായ്പാ അപേക്ഷകള്‍ സ്വീകരിക്കുന്നതോടെ ബാങ്കിംഗ് സിസ്റ്റവുമായി ബന്ധമില്ലാതെ കിടക്കുന്ന ഒട്ടേറെ ചെറുകിട ബിസിനസുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭിക്കും.

Tags:    

Similar News