രജനീഷ് കുമാറും, മോഹന്‍ദാസ് പൈയും ബൈജൂസിന്റെ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളാകും

  • ബൈജൂസിന്റെ ഭരണവും, ബോര്‍ഡിന്റെ ഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ ഉപദേശം നല്‍കുക എന്നതായിരിക്കും ഇവരുടെ ദൗത്യം
  • രജനീഷ് കുമാറാകട്ടെ, ഭാരത് പേ എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ ബോര്‍ഡ് ചെയര്‍മാനാണ്
  • മോഹന്‍ദാസ് പൈ ബൈജൂസിലെ ആദ്യകാല നിക്ഷേപകനായിരുന്നു

Update: 2023-07-14 05:35 GMT

എസ്ബിഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാറും മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയും എഡ്യുടെക് ഭീമനായ ബൈജൂസിന്റെ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിയില്‍ (ബിഎസി) അംഗങ്ങളാകും. മോഹന്‍ദാസ് പൈ ബൈജൂസിലെ ആദ്യകാല നിക്ഷേപകനായിരുന്നു.

രജനീഷ് കുമാറാകട്ടെ, ഭാരത് പേ (BharatPe) എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ ബോര്‍ഡ് ചെയര്‍മാനാണ്.

പ്രതിസന്ധി നേരിടുന്ന ബൈജൂസിന്റെ ഭരണവും, ബോര്‍ഡിന്റെ ഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ ഉപദേശം നല്‍കുക എന്നതായിരിക്കും ഇവരുടെ ദൗത്യം.

ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്ന് ജുലൈ മാസം ആദ്യ ആഴ്ചയില്‍ നടന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ ബോഡി മീറ്റിംഗില്‍ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ അറിയിച്ചിരുന്നു.

ഓഡിറ്ററായ ഡെലോയിറ്റിന്റെയും മൂന്ന് ബോര്‍ഡംഗങ്ങളുടെയും രാജിയോടെ ബൈജൂസിന്റെ വിപണിയിലെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടത്തിലായിരുന്നു ബിഎസി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിഇഒയായ ബൈജു രവീന്ദ്രന്‍ രംഗത്തുവന്നത്.

കഴിഞ്ഞ ദിവസം അര്‍ജുന്‍ മോഹനെ ബൈജൂസിന്റെ സിഇഒയായി നിയമിച്ചിരുന്നു. അന്താരാഷ്ട്ര ബിസിനസ് യൂണിറ്റിന്റെ മേല്‍നോട്ടമായിരിക്കും അര്‍ജുന്‍ മോഹനില്‍ നിക്ഷിപ്തമാവുക എന്നും റിപ്പോര്‍ട്ടുണ്ട്.

മൃണാള്‍ മോഹിത് ബൈജൂസിന്റെ ഇന്ത്യ ഓപ്പറേഷന്‍സിന്റെ നേതൃത്വവും വഹിക്കും.

നിലവില്‍ സിംഗപ്പൂര്‍, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൈജൂസിന് സ്ഥാപനങ്ങളുണ്ട്.

2020-21 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിലേക്ക് 1,000 കോടി രൂപ സംഭാവന ചെയ്തത് ഈ ഓവര്‍സീസ് വിഭാഗമായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ബൈജൂസ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

കൊറോണ താണ്ഡവമാടിയ വര്‍ഷങ്ങളില്‍ വിദേശരാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനു വേണ്ടി യുഎസ്സിലെ ടിങ്കര്‍(Tynker), എപ്പിക് (Epiq) എന്നീ എഡ്യുടെക് കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു.

അപ്ഗ്രാഡ് (upGrad) മുന്‍ സിഇഒയായ അര്‍ജുന്‍ മോഹന്‍ നേരത്തേ ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസറായി 11 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020-ലാണ് അപ്ഗ്രാഡിന്റെ സിഇഒയായി ജോയിന്‍ ചെയ്തത്. 2022 ഡിസംബര്‍ അവസാനം അപ്ഗ്രാഡില്‍നിന്ന് രാജിവച്ചു.

പ്രതിസന്ധിയില്‍ അകപ്പെട്ട സമയത്താണ് ബൈജൂസിന്റെ നേതൃത്വത്തിലേക്ക് പുതിയ സിഇഒ എത്തുന്നതെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ ദിവസം ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണു ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ബൈജുസിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ സിഎ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് റിവ്യൂ ബോര്‍ഡ് (എഫ്ആര്‍ആര്‍ബി) അവലോകനം ചെയ്തതിനു ശേഷമാണു കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈ നീക്കം ഉണ്ടായിട്ടുള്ളത്.

ബൈജൂസിനെതിരേ എസ്എഫ്ഐഒ അന്വേഷണം നടത്തുന്നതായി നേരത്തേ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് എസ്എഫ്ഐഒ. ഇത്തരമൊരു അന്വേഷണം നടക്കുന്നില്ലെന്നും യാതൊരു ആശയവിനിമയവും എസ്എഫ്ഐഒ-യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണു കമ്പനി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ബൈജൂസിലെ സാഹചര്യം പരിശോധിക്കാന്‍ എസ്എഫ്ഐഒ-യെ നിയോഗിക്കുന്നതിനുള്ള നിയമസാധുതകളും നടപടിക്രമങ്ങളും മന്ത്രാലയം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസുകള്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ഇതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും ബൈജൂസുമായുള്ള കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് ഇത്. ബൈജൂസുമായി ബന്ധപ്പെട്ട നെഗറ്റിവ് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കരാറുമായി മുന്നോട്ടുപോകുന്നതിന് ഷാറൂഖിനും താല്‍പ്പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ എന്ന സ്ഥാനവും അടുത്തിടെ ബൈജൂസ് നഷ്ടപ്പെടുത്തിയിരുന്നു.

കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വന്‍ വിപൂലീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വലിയ വായ്പകളെടുത്തതും വന്‍തോതില്‍ നിയമനങ്ങളും ശാഖകളും തുടങ്ങിയതും തിരിച്ചടിയായി.

Tags:    

Similar News