'ഫോറിന്‍ കോഴ്‌സുകള്‍' ഇനി സ്വദേശത്തിരുന്നും പഠിക്കാം, വിദേശ യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ ഇന്ത്യയിലും വന്നേക്കും

  • നിലവില്‍ വിദേശത്തേക്കൊഴുകുന്ന ഫണ്ടിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരിക അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

Update: 2023-01-04 11:02 GMT

ഡെല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തു നിന്ന് വിദേശത്തേക്കൊഴുകുന്ന പണത്തിന്റെ അളവിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തിലാണ് യൂണിവേഴ്സ്റ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) ഉന്നത വിദ്യാഭ്യാസം നല്‍കുന്ന വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അവസരം നല്‍കുക, ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളെ വിദേശത്ത് പഠന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത്.

പുതിയ നിയമം വഴി വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍  കാമ്പസ് ആരംഭിച്ചാലും ഫീസ്, കോഴ്‌സ് ഘടന, ഫാക്കല്‍റ്റി നിയമനം, അക്കാദമിക് കാര്യങ്ങള്‍ എന്നിവ തീരുമാനിക്കുന്നത് വിദേശ സര്‍വകലാശാലകള്‍ തന്നെയായിരിക്കും. നിലവില്‍ വിദേശത്തേക്കൊഴുകുന്ന ഫണ്ടിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരിക അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ചട്ടങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍ വിദേശ സര്‍വകാലാശാലകളുമായി പങ്കുവെയ്ക്കും.

ഇതിനൊപ്പം തന്നെയാണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ചട്ടങ്ങള്‍ കൂടി തയ്യാറാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വിദേശത്ത് കാമ്പസുകള്‍ തുറക്കാന്‍ അനുവാദമില്ല. ഇത് നടപ്പിലായാല്‍ രാജ്യത്തെ മുന്‍ നിര ഐഐടികളാകും ഇത്തരത്തില്‍ വിദേശത്ത് കാമ്പസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും ഇക്കണമോക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ചട്ടം അല്ലെങ്കില്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ റേറ്റിംഗ് നേടിയ ഒരു സ്ഥാപനത്തിന് മാത്രമേ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവാദമുണ്ടാകുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News