ആമസോണ്‍ ഇന്ത്യ മേധാവി സ്ഥാനമൊഴിഞ്ഞു
- മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളില്‍നിന്നും ആമസോണ്‍ കടുത്തവെല്ലുവിളി നേരിടുന്നു
- ഇന്ത്യ ആമസോണിന്റെ ഇഷ്ട വിപണി
- 62 ലക്ഷത്തിലധികം മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്തതായി ആമസോണ്‍
ആമസോണ്‍ ഇന്ത്യ മേധാവി മനീഷ് തിവാരി രാജിവെച്ചു, എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് തിവാരി ആമസോണില്‍നിന്ന് ഒഴിവാകുന്നത്. രാജിക്കാര്യം ഇ-കൊമേഴ്സ് ഭീമന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുഗമമായ നേതൃമാറ്റം ഉറപ്പാക്കാന്‍ തിവാരി ഒക്ടോബര്‍ വരെ ആമസോണില്‍ തുടരും.
ഫ്‌ളിപ്കാര്‍ട്ട്, മീഷോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയ കമ്പനികളില്‍നിന്നും കടുത്ത മത്സരം നേരിടുന്ന സമയത്താണ് തിവാരിയുടെ രാജി. തിരക്കുള്ള ഉപഭോക്താക്കള്‍ പലചരക്ക് സാധനങ്ങളും മറ്റ് പല വീട്ടുപകരണങ്ങളും തല്‍ക്ഷണം ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുക്കുന്നതിനാല്‍ പണിയില്‍ ആക്രമണാത്മകമായ മത്സരമാണ് നടക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി മനീഷിന്റെ നേതൃത്വം ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഡെലിവറി ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തിവാരി ആമസോണില്‍ ചേര്‍ന്നത് 2016ലാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആമസോണിന് ഇഷ്ട വിപണിയായി മാറി. കമ്പനിക്ക് ഇന്ത്യ ഒരു പ്രധാന മുന്‍ഗണനയാണ്, ആമസോണ്‍ ഊന്നിപ്പറഞ്ഞു.
'ഞങ്ങള്‍ ഇതിനകം കൈവരിച്ച വേഗതയിലും ബിസിനസ് ഫലങ്ങളിലും ഞങ്ങള്‍ ആവേശഭരിതരാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നവീകരിക്കുന്നതിനും ജീവിതത്തെയും ഉപജീവനത്തെയും ഡിജിറ്റലായി മാറ്റുന്നതിനും മുന്നിലുള്ള സുപ്രധാന അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു,' കമ്പനി പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം, ആമസോണ്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് രാജ്യത്തെ മൊത്തം നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയര്‍ത്തി.
2023 ഓഗസ്റ്റിലെ ഒരു ബിസിനസ് അപ്ഡേറ്റില്‍, 62 ലക്ഷത്തിലധികം മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ഡിജിറ്റൈസ് ചെയ്തതായി ആമസോണ്‍ പറഞ്ഞു. ഏകദേശം 8 ബില്യണ്‍ ഡോളര്‍ സഞ്ചിത ഇ-കൊമേഴ്സ് കയറ്റുമതി പ്രാപ്തമാക്കി. അതുവരെ ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
1 കോടി (10 മില്യണ്‍) എംഎസ്എംഇകള്‍ ഡിജിറ്റൈസ് ചെയ്യുമെന്നും 20 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്സ് കയറ്റുമതി സാധ്യമാക്കുമെന്നും 2025ഓടെ ഇന്ത്യയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.