2.53% ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി സിപ്ല പ്രൊമോട്ടര്‍മാര്‍
- ഓഹരികള്‍ 2,637 കോടി രൂപയ്ക്ക് മറ്റൊരു പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമായ ഒകാസ ഫാര്‍മയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്
- ഇടപാടുകള്‍ ഇന്നു തന്നെ പൂര്‍ത്തിയായേക്കും
- വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന മൂന്ന് വ്യക്തികള്‍ക്ക് സിപ്ലയുടെ 4.24% ഓഹരി കൈവശമുണ്ട്
സിപ്ല സ്ഥാപിച്ച ഹമീദ് കുടുംബത്തിലെ ചില അംഗങ്ങള്‍ ബ്ലോക്ക് ഡീലുകള്‍ വഴി ഓഹരികള്‍ ഓഫ്ലോഡ് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടോറന്റ് ഫാര്‍മയുമായുള്ള പ്രൊമോട്ടര്‍-സ്റ്റേക്ക്-സെയില്‍ ചര്‍ച്ചകള്‍ അവസാനിച്ച് എട്ട് മാസത്തിന് ശേഷമാണിത്. എം കെ ഹമീദിന്റെ ഭാര്യ ഷിറിനും അവരുടെ മക്കളായ സമീനയും റുമാനയും ചേര്‍ന്ന് 2.53 ശതമാനം വരെയുള്ള ഓഹരികള്‍ 2,637 കോടി രൂപയ്ക്ക് മറ്റൊരു പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമായ ഒകാസ ഫാര്‍മയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകള്‍ ഇന്നു തന്നെ പൂര്‍ത്തിയായേക്കും.
കമ്പനി അതിന്റെ ഏറ്റവും മികച്ച വാര്‍ഷിക ഫലങ്ങള്‍ രേഖപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമുള്ള ഈ നീക്കം, അത്തരം കൂടുതല്‍ ഇടപാടുകള്‍ നടക്കുമെന്ന ഊഹാപോഹത്തിന് കാരണമാവുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം 7 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന ഉപേക്ഷിച്ചത് കുടുംബത്തിനുള്ളില്‍ ഭിന്നതയിലേക്ക് നയിച്ചതായാണ് കണക്കാക്കുന്നത്.
വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന മൂന്ന് വ്യക്തികള്‍ക്ക് സിപ്ലയുടെ 4.24% ഓഹരി കൈവശമുണ്ട്. ഒസാക്ക ഫാര്‍മയ്ക്ക് 0.02% ഓഹരിയുണ്ട്. 20.45 ദശലക്ഷം ഓഹരികള്‍ വരെ 1,289.50-1,357.35 രൂപ നിരക്കില്‍ വില്‍ക്കാനാണ് പ്രൊമോട്ടര്‍മാര്‍ ശ്രമിക്കുന്നത്. മൊത്തം ഡീല്‍ മൂല്യം ഏകദേശം 2,637 കോടി രൂപ (316 മില്യണ്‍ ഡോളര്‍) ആയി മാറും. ഇത് ചൊവ്വാഴ്ച എന്‍എസ്ഇയില്‍ സിപ്ലയുടെ ക്ലോസിംഗ് വിലയായ 1,357.35 രൂപയ്ക്ക് 0-5% കിഴിവാണ്. വില്‍പ്പനാനന്തര, 90 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് അവസാനം കമ്പനിയിലെ മൊത്തം പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് 33.47% ആയിരുന്നു. ചെയര്‍മാന്‍ യൂസഫ് ഹമീദ്, ഇളയ സഹോദരന്‍ എം കെ ഹമീദ്, എം കെ ഹമീദിന്റെ മകള്‍ സമീന എന്നിവര്‍ നേതൃത്വം നല്‍കുന്ന മൂന്ന് പ്രൊമോട്ടര്‍ കുടുംബാംഗങ്ങള്‍ സിപ്ല ബോര്‍ഡിലുണ്ട്.