നൂതന ബാങ്കിങ് സാങ്കേതികവിദ്യക്ക് പുരസ്‌ക്കാരം നേടി ടെക്‌നോപാർക് കമ്പനി

  • 2023 ലെ ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ അവാർഡ്
  • വെല്‍സ് ഫാര്‍ഗോയുമായി കമ്പനി ധാരണയിലെത്തിയിരുന്നു
  • ഡാറ്റാ സംയോജനം 50 ശതമാനത്തിലേറെ എളുപ്പമാക്കി

Update: 2023-12-08 11:08 GMT

ബാങ്കിംഗ് ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ചര്‍ നെറ്റ് വര്‍ക്ക് (ബിഐഎഎന്‍; BIAN) ഏര്‍പ്പെടുത്തിയ 2023 ലെ ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ പുരസ്‌കാരം നേടി  ടെക്‌നോപാര്‍ക്കിലെ കമ്പനിയായ സാഫിന്‍. ബിഐഎഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കോര്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തിയതും  നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചതും പരിഗണിച്ചാണ് പുരസ്‌ക്കാരം.

ബാങ്കിംഗ് സാങ്കേതികവിദ്യ, നൂതന കോര്‍ ബാങ്കിംഗ് സംവിധാനം എന്നിവയിലേക്ക് പഴയ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കുകയാണ് സാഫിന്‍ തയ്യാറാക്കിയ പ്ലാറ്റ്ഫോം ചെയ്യുന്നത്. കോര്‍ബാങ്കിംഗ് സേവനങ്ങളും സാഫിന്റെ സാസ് പ്ലാറ്റ് ഫോമും തമ്മില്‍ സംയോജിപ്പിക്കുന്നതിന് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ വെല്‍സ് ഫാര്‍ഗോയുമായി കമ്പനി ധാരണയിലെത്തിയിരുന്നു.

ഡാറ്റാ സംയോജനം 50 ശതമാനത്തിലേറെ എളുപ്പമാക്കാനും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും അതിന്റെ മൂല്യനിര്‍ണയം നടത്താനുമുള്ള സമയം 70 ശതമാനത്തോളം കുറയ്ക്കാനും ഈ ഐഒ പ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താവിന് ഉത്തരവാദിത്തത്തോടെയുള്ള സേവനം നല്‍കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ വളരെ ആവശ്യമാണെന്ന് വെല്‍സ് ഫാര്‍ഗോയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അലന്‍ വരാസോ പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സാഫിന്‍ ഐഒ എന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഐഎഎന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാന്‍സ് ടെസ്ലര്‍ പറഞ്ഞു. പരമ്പരാഗതമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കോര്‍ബാങ്കിംഗ് സേവനങ്ങളും സാഫിന്റെ സാസ് ഉത്പന്നവും തമ്മിലുള്ള ഏകോപനം ലഘൂകരിക്കാനായതിന്റെ ഫലമാണ് ഈ പുരസ്‌ക്കാരമെന്ന് സാഫിന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ഷാഹിര്‍ ദയ പറഞ്ഞു.

കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാഫിന്‍. ഐഎന്‍ജി, സിഐബിസി, എച്എസ്ബിസി, വെല്‍സ് ഫാര്‍ഗോ, പിഎന്‍സി, എഎന്‍ഇസഡ് എന്നിവ ഇവരുടെ ഉപഭോക്താക്കളാണ്.

Tags:    

Similar News