ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ഉദ്ഗം പേര്‍ട്ടല്‍

ധനലക്ഷമി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവടങ്ങളിലും സേവനം ലഭ്യം

Update: 2023-08-18 06:28 GMT

ഒന്നിലധികം ബാങ്കുകളില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ കേന്ദ്രീകൃത വെബ്‌പോര്‍ട്ടല്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്ഗം (അണ്‍ക്ലെയിമ്ഡ് ഡെപ്പോസിറ്റ്‌സ്-ഗേറ്റ്വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍) എന്ന പോര്‍ട്ടലിലൂടെ ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം.

വെബ് പോര്‍ട്ടലിലൂടെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തി ക്ലെയിം ചെയ്യുകയോ, ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുകയോ ചെയ്യാം. റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (റീ ബിറ്റ് ), ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് അലൈഡ് സര്‍വീസസ്, ഈ സേവനത്തില്‍ പങ്കാളികളായിട്ടുള്ള ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആര്‍ബിഐ വെബ്‌പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷമി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക്, സിറ്റി ബാങ്ക് എന്നീ ഏഴ് ബാങ്കുകളാണ് ഈ സേവനം നല്‍കുന്നത്.

2023 ഏപ്രിലിലെ ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററിപോളിസികളെക്കുറിച്ചുള്ള പ്രസ്താവനയില്‍ ആര്‍ബിഐ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ്‌പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് കാലാകാലങ്ങളില്‍ ആര്‍ബിഐ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതിനു പുറമേയുള്ള ഈ നീക്കത്തിലൂടെ പൊതുജനങ്ങള്‍ക്ക് ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താനും, ക്ലെയിം ചെയ്യാന്‍ ബാങ്കുകളെ സമീപിക്കാനും സാധിക്കും. അവശേഷിക്കുന്ന ബാങ്കുകളും 2023 ഒക്ടോബര്‍ 15 ന് അകം ഈ സേവനം ലഭ്യമാക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.



Tags:    

Similar News