വായ്പകള്‍ ഇനി കൂടുതല്‍ കഠിനമാകും; ഇരുട്ടടിയായി ആര്‍ബിഐ നിര്‍ദേശം
- ബാങ്കുകള്‍ എന്‍ബിഎഫ്‍സികള്‍ക്ക് നല്‍കുന്ന വായ്പകളും ചെലവേറിയതാകും
- ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളെ ഉയര്‍ന്ന റിസ്ക് വെയ്റ്റില്‍ നിന്ന് ഒഴിവാക്കി
- ക്രെഡിറ്റ് കാര്‍ഡ് വായ്പകളെയും പുതിയ മാനദണ്ഡം ബാധിക്കും
ഉപഭോക്തൃ വായ്പകളിലെ അനിയന്ത്രിതമായ വളർച്ചയ്ക്ക് തടയിടാന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അപകടസാധ്യത കുറഞ്ഞ മറ്റ് വായ്പാ ആസ്തികളേക്കാൾ വേഗത്തിൽ ഉപഭോക്തൃ വായ്പകള്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രബാങ്ക് വിശദീകരിക്കുന്നു. പുതിയ മാനദണ്ഡ പ്രകാരം ഈടില്ലാത്ത റീട്ടെയില്‍ വായ്പകള്‍ക്ക് നീക്കിവെക്കേണ്ട മൂലധന ആവശ്യകത അഥവാ റിസ്‍ക് വെയ്റ്റ് 25 ശതമാനം പോയിന്‍റ് വര്‍ധിപ്പിച്ച് 125 ശതമാനമാക്കി. ഇത്തരം വായ്പകളിലെ നിരീക്ഷണത്തിനായി ഡയറക്റ്റര്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സംവിധാനം ഉണ്ടാകണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
ബാങ്കുകൾക്കു പുറമേ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്‌സി), ക്രെഡിറ്റ് കാർഡ് ദാതാക്കൾ എന്നിവയെല്ലാം വിതരണം ചെയ്യുന്ന ഉപഭോക്തൃ വായ്പകള്‍ക്കും പുതുക്കിയ മാനദണ്ഡം ബാധകമാണ്. അതായത് എല്ലാ വിഭാഗങ്ങളിലെയും വായ്പാദാതാക്കളെ സംബന്ധിച്ചിടത്തോളം റീട്ടെയില്‍ വായ്പാ വിതരണം ചെലവേറിയതാകുകയാണ്. ഇത് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനും വായ്പാ വിതരണത്തിനു മുന്നോടിയായുള്ള പരിശോധനകള്‍ കര്‍ക്കശമാക്കുന്നതിനും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രേരിപ്പിക്കും.
എന്‍ബിഎഫ്‍സികള്‍ക്കുള്ള വായ്പയ്ക്കും ചെലവേറും
മുഖ്യ നിക്ഷേപ കമ്പനികൾ ഒഴികെയുള്ള, എന്‍ബിഎഫ്‍സി-കൾക്കുള്ള വായ്പകൾക്കായും ബാങ്കുകൾ 25 ശതമാനം ഉയർന്ന റിസ്‌ക് വെയ്റ്റ് നീക്കിവെക്കേണ്ടിവരും. എങ്കിലും, ക്രെഡിറ്റ് റേറ്റിംഗിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ 100 ശതമാനത്തിൽ താഴെ റിസ്‍ക് വെയ്റ്റ് നല്‍കിയിട്ടുള്ള എന്‍ബിഎഫ്‍സികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. ഭവന വായ്പാ കമ്പനികള്‍ക്കുള്ള വായ്പകളും മുൻഗണനാ മേഖലയായി തരംതിരിക്കുന്നതിന് അർഹതയുള്ള മറ്റ് വായ്പകളും ഉയര്‍ന്ന റിസ്ക് വെയ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.
കൂടാതെ, ക്രെഡിറ്റ് കാർഡുകളിലൂടെ നല്‍കുന്ന വായ്പകളുടെ റിസ്‍ക് വെയ്റ്റും 25 ശതമാനം വർധിപ്പിച്ചു. ഇതുവരെ, വാണിജ്യ ബാങ്കുകൾ നല്‍കുന്ന ക്രെഡിറ്റ് കാർഡ് വായ്പകള്‍ക്ക് 125 ശതമാനവും എൻബിഎഫ്‌സികൾ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 100 ശതമാനവുമാണ് റിസ്ക് വെയ്റ്റ്.
ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവ്
പുതിയതും നിലവിലുള്ളതുമായ ഉപഭോക്തൃ വായ്പകള്‍ക്ക് ഉയര്‍ത്തിയ റിസ്ക് വെയ്റ്റ് ബാധകമാകും. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളെയും സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ എന്നിവ ഈട് നല്‍കി നേടിയിട്ടുള്ള വായ്പകളെയും 125 ശതമാനം എന്ന ഉയര്‍ന്ന റിസ്ക് വെയ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന മാനദണ്ഡം അനുസരിച്ച്, വ്യക്തിഗത വായ്പകൾക്കായി ഓരോ 100 രൂപയ്ക്കും ബാങ്കുകൾ 8 രൂപയായിരുന്നു നീക്കിവെക്കേണ്ടിയിരുന്നത്. പുതുക്കിയ മാനദണ്ഡ പ്രകാരം ഇപ്പോള്‍ നീക്കിവെക്കേണ്ടി വരുന്നത് 10 രൂപയാണ്.