എച്ച്ഡിഎഫ്‌സി ബാങ്കില്‍ എല്‍ഐസിയുടെ പങ്കാളിത്തം വര്‍ധിക്കും
- ജനുവരി 25ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി 1.41 ശതമാനം ഇടിഞ്ഞ് വ്യാപാരം അവസാനിപ്പിച്ചത് 1435.30 രൂപയിലാണ്
- എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 5.19 ശതമാനം ഓഹരികളാണ് എല്‍ഐസി സ്വന്തമാക്കിയിട്ടുള്ളത്
- കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള വിറ്റഴിക്കലിനെ തുടര്‍ന്ന് ഏറ്റവും താഴ്ന്ന നിലയിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ എത്തിയിരുന്നു
എച്ച്ഡിഎഫ്‌സി ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ആര്‍ബിഐ അനുമതി നല്‍കി.
നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 5.19 ശതമാനം ഓഹരികളാണ് എല്‍ഐസി സ്വന്തമാക്കിയിട്ടുള്ളത്. ഇനി 4.8 ശതമാനം കൂടി എല്‍ഐസി വാങ്ങും. അതോടെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ എല്‍ഐസിയുടെ പങ്കാളിത്തം മൊത്തം 9.99 ശതമാനമായി ഉയരും.
ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ പ്രകാരം, ഒരു ബാങ്കില്‍ പെയ്ഡ് അപ്പ് ഷെയര്‍ ക്യാപ്പിറ്റലിന്റെ 5 ശതമാനമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സ്വന്തമാക്കാനോ, വോട്ടിംഗ് അവകാശം കരസ്ഥമാക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ആര്‍ബിഐയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നാണ്. ഈ അനുമതിയാണ് ഇപ്പോള്‍ എല്‍ഐസി നേടിയിരിക്കുന്നത്.
എല്‍ഐസി ആര്‍ബിഐയുടെ അനുമതി നേടിയ കാര്യം എച്ച്ഡിഎഫ്‌സി ബാങ്ക് ജനുവരി 25 നാണ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് ആശ്വാസം പകരുമെന്നാണു കരുതുന്നത്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള വിറ്റഴിക്കലിനെ തുടര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ എത്തിയിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദ ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി ഇടിഞ്ഞത്.
ബിഎസ്ഇയില്‍ ജനുവരി 25ന് 1.41 ശതമാനം ഇടിഞ്ഞ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 1435.30 രൂപയിലാണ്.