എഫ്ഡി നിരക്കുയര്‍ത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75%

  • ബാങ്ക് 2.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭ്യമാണ്.

Update: 2023-10-26 10:19 GMT

സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക് ഉയര്‍ത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു.. രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 0.1 ശതമാനവും 23 മാസവും ഒരു ദിവസവും മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.05 ശതമാനം നിരക്ക് വര്‍ധനയുമാണ് വരുത്തിയത്. ഇതോടെ രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് മുതല്‍ 7.10 ശതമാനം വരെ പലിശ ലഭിക്കും. 23 മാസവും ഒരു ദിവസവും മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.2 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് 2.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭ്യമാണ്.

വിവിധ കാലയളവിലെ പലിശ നിരക്ക്

ഏഴ് മുതല്‍ 14 ദിവസംവരെയുള്ള നിക്ഷേപത്തിന് 2.75 ശതമാനം. പതിനഞ്ച് ദിവസം മുതല്‍ 30 ദിവസം വരെയുള്ള നിക്ഷേപത്തിന് മൂന്ന് ശതമാനം, 31 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനം, 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.50 ശതമാനം, 91 ദിവസം മുതല്‍ 120 ദിവസം വരെയുള്ള നിക്ഷേപത്തിന് നാല് ശതമാനം എന്നിങ്ങനെയാണ് പലിശ.

നിക്ഷേപം 180 ദിവസം വരെയാണെങ്കില്‍ ആറ് ശതമാനം, 181 ദിവസം മുതല്‍ 363 ദിവസം വരെയാകുമ്പോള്‍ പലിശ ആറ് ശതമാനമാണ്. 364 ദിവസം വരെയുള്ള നിക്ഷേപത്തിന 6.50 ശതമാനമാണ് പലിശ. നിക്ഷേപം 365 ദിവസം മുതല്‍ 389 ദിവസം വരെയാകുമ്പോള്‍ പലിശ 7.10 ശതമാനമാണ്.

390 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.15 ശതമാനം, 391 ദിവസം മുതല്‍ 23 മാസത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7.20 ശതമാനം, 23 മാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം, രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7.10 ശതമാനം, മൂന്ന് വര്‍ഷത്തിനു മുകളിലും നാല് വര്‍ഷത്തില്‍ താഴെയുമാണ് നിക്ഷേപ കാലാവധിയെങ്കില്‍ പലിശ 6.50 ശതമാനം, നാല് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 6.25 ശതമാനം, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 6.20 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

Tags:    

Similar News