സുരക്ഷാ വീഴ്ച: ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്തു
- സിവിവി വിവരങ്ങളടക്കം പരസ്യമായിരുന്നു
- കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും
- പിഴവ് ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ രംഗത്തെത്തി
ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ ആപ്ലിക്കേഷനിലെ സുരക്ഷാ പിഴവിനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ബാങ്ക്. പിശകുകള്‍ പരിഹരിക്കാന്‍ ഉടനടി നടപടിയെടുക്കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കി.
ബാങ്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ത്തോളം പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ബാങ്കിന്റെ ഐമൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെടുകയും അത് കാര്‍ഡ് ഉപഭോക്താക്കളല്ലാത്തവരിലേക്ക് എത്തുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. 'അടിയന്തര നടപടിയായി, ബാങ്ക് ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുമെന്നും. അസൗകര്യത്തില്‍ ഖേദിക്കുന്നതായും ബാങ്ക് വക്താവ് വ്യക്തമാക്കി.
കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്റെ മുഴുവന്‍ നമ്പറുകള്‍, കാലഹരണ തീയതികള്‍, സിവിവികള്‍ തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ലഭ്യമായിരുന്നത്.