'ബോബ് വേള്‍ഡ്' ആപ്പില്‍ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് വിലക്ക്
- ആപ്ലിക്കേഷനില്‍ അംഗങ്ങളായവര്‍ക്ക് ഈ നിയന്ത്രണം ഒരിക്കലും തടസമാകരുതെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡ (ബോബ്) യുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ആര്‍ബിഐ. ബാങ്കിന്റെ 'ബോബ് വേള്‍ഡ്' ആപ്ലിക്കേഷനില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനാണ് വിലക്ക്.
1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരമുള്ള ആര്‍ബിഐയുടെ അധികാരം ഉപയോഗിച്ചാണ് ഈ നടപടി. പുതിയ ഉപഭോക്താക്കളെ ആപ്ലിക്കേഷനിലേക്ക് ഉള്‍പ്പെടുത്തുന്ന രീതിയിലെ ചില മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകളെത്തുടര്‍ന്നാണ് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയത്.
ആപ്ലിക്കേഷനില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ആര്‍ബിഐ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചതിനും ആര്‍ബിഐയ്ക്ക് ബോധ്യപ്പെടുന്ന വിധത്തില്‍ ബന്ധപ്പെട്ട നടപടികള്‍ ശക്തിപ്പെടുത്തിയതിനും ശേഷമായിരിക്കുമെന്ന് വ്യക്തമാക്കി.
ഇതിനകം ആപ്ലിക്കേഷനില്‍ അംഗങ്ങളായവര്‍ക്ക് ഈ നിയന്ത്രണം ഒരിക്കലും തടസമാകരുതെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതിയ അംഗങ്ങളെ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താനുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിനായി ബാങ്ക് ഉദ്യേഗസ്ഥര്‍ ബാങ്ക് അക്കൗണ്ടുകളെ ബന്ധമില്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ജൂലൈയില്‍ പുറത്തു വന്നിരുന്നു.
നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പോരായ്മകള്‍ക്ക് ആര്‍ബിഐ് ഈ വര്‍ഷം ആദ്യം ബാങ്ക് ഓഫ് ബറോഡയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.