ഉദ്ഗം പോര്‍ട്ടലില്‍ ഇനി 30 ബാങ്കുകള്‍
- 23 ബാങ്കുകളെക്കൂടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി ബാങ്കുകളുടെ എണ്ണം 30 ആക്കി.
- 90 ശതമാനത്തോളം അവകാശികളില്ലാത്ത നിക്ഷേപം കണ്ടെത്താനാകും.
- അവകാശികളില്ലാത്ത നിക്ഷേപം കണ്ടെത്താന്‍ ആദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ഉദ്ഗം പോര്‍ട്ടലില്‍ ഇനി 30 ബാങ്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ബിഐ പോര്‍ട്ടല്‍ ആരംഭിക്കുമ്പോള്‍ ഏഴ് ബാങ്കുകള്‍ മാത്രമാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒക്ടോബര്‍ പകുതിയോടെ അവശേഷിക്കുന്ന ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ 23 ബാങ്കുകളെക്കൂടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി ബാങ്കുകളുടെ എണ്ണം 30 ആക്കിയതായി വ്യക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ.
അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ ആര്‍ബിഐ ആരംഭിച്ച കേന്ദ്രീകൃത വെബ് പോര്‍ട്ടലാണ് ഉദ്ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്-ഗേറ്റ് വേ ടു അക്‌സസ് ഇന്‍ഫര്‍മേഷന്‍). വിവിധ ബാങ്കുകളിലായി ക്ലെയിം ചെയ്യാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി കണ്ടെത്താം. കൂടുതല്‍ ബാങ്കുകള്‍ കൂടി പോര്‍ട്ടലിലേക്ക് ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലെ 90 ശതമാനത്തോളം അവകാശികളില്ലാത്ത നിക്ഷേപം കണ്ടെത്താനാകുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.
പോര്‍ട്ടലിലെ ബാങ്കുകള്‍
എസ്ബിഐ, പിഎന്‍ബി, സെന്‍്ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷമി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് , സിറ്റി ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂക്കോ ബാ്ങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, എച്ച്എസ്ബിസി, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, സരസ്വത് കോ ഓപറേറ്റീവ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്.
എങ്ങനെ കണ്ടെത്താം
അവകാശികളില്ലാത്ത നിക്ഷേപം കണ്ടെത്താന്‍ ആദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതിന് https://udgam.rbi.org.in/unclaimed-deposits/#/register ലിങ്കില്‍ കയറി ഫോണ്‍ നമ്പര്‍, പേര് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പാസ് വേര്‍ഡ് നല്‍കേണ്ടിടത്ത് അത് നല്‍കണം. അതിനുശേഷം കാപ്ച്ച കോഡ് നല്‍കി ഒടിപി നല്‍കി വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
അതിനുശേഷം https://udgam.rbi.org.in/unclaimed-deposists/#/login എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യാം. ഫോണ്‍ നമ്പര്‍, പാസ് വേര്‍ഡ്, കാപ്ച്ച കോഡ് എന്നിവ നല്‍കി അതിനുശേഷം ലഭിക്കുന്ന ഒടിപി നല്‍കാം. അടുത്ത പേജില്‍ അക്കൗണ്ടുടമയുടെ പേര്, ഏത് ബാങ്കാണോ ബാങ്കുകളുടെ ലിസ്റ്റില്‍ നിന്നും ആ ബാങ്കിന്റെ പേര് എന്നിവ നല്‍കണം. പാന്‍, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയ്യതി എന്നിവ നല്‍കി സെര്‍ച്ച് ഓപ്ഷന്‍ നല്‍കുമ്പോള്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപ മുണ്ടെങ്കില്‍ കണ്ടെത്താം.
എന്താണ് അവകാശികളില്ലാത്ത നിക്ഷേപം
പത്ത് വര്‍ഷമായി ഉപയോഗിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളില്‍ മച്യൂരിറ്റിയായതിനുശേഷം 10 വര്‍ഷത്തോളമായി തിരിച്ചെടുക്കാത്ത നിക്ഷേപങ്ങളെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്.