ക്രെഡിറ്റ് കാർഡിനെ വരുതിയിലാക്കിയില്ലെങ്കിൽ പണി കിട്ടും
- ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുന്നതോടൊപ്പം അടയ്ക്കാനുള്ള കുടിശ്ശികയും കൂടുന്നു
- മിനിമം തുക അടച്ചാലും പുതിയ ഇടപാടുകൾക്ക് കുടിശ്ശികക്ക് ഫീ ബാധകം
- ക്രെഡിറ്റ് കാർഡ് ബിൽ പൂർണമായും അടച്ചു ക്ലിയർ ചെയ്യുന്നത് നല്ലത്
ക്രെഡിറ്റ് കാർഡ് ഉള്ളത് ഒരു ക്രെഡിറ്റ് ആണോ? ആണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചില്ലെങ്കിൽ ഒരിക്കലും ക്രെഡിറ്റും കിട്ടില്ല, ക്രെഡിറ്റ് സ്കോറും കിട്ടില്ല.
ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൂടുന്നു
2022 -2023 സാമ്പത്തികവർഷാവസാനം പുറത്തു വന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞു. ഇത് കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിലിൽ പുറത്തു വന്ന കണക്കിനേക്കാൾ 30 ശതമാനം കൂടുതലാണ്. ഈ കണക്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്കുന്നതിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ ന്യായമായ ഉപയോഗം നടക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് ഉപയോഗം വർധിക്കുന്നത് എന്തുകൊണ്ട്
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആളുകൾ ചെലവഴിക്കുന്നതിന്റെ പ്രധാന കാരണം എന്താണ്? ക്രെഡിറ്റ് കാർഡ് ബിൽ അടിക്കുന്നതിനു 50 ദിവസം വരെ പലിശ രഹിത കാലയളവിൽ ലഭിക്കും. എന്നാൽ ഒരു ആവേശത്തിന്റെ പുറത്ത് ക്രെഡിറ്റ്കാർഡ് ഉപയോഗിക്കുകയും ബിൽ അടക്കാൻ വൈകുന്നതും ലേറ്റ് ഫീ ഉൾപ്പെടെ കനത്ത ചാർജുകൾ ചുമത്താൻ ഇടയാക്കും. ഇത് നമ്മളെ വലിയ സാമ്പത്തികബാധ്യതയിലേക്ക് നയിക്കും
ലേറ്റ് ഫീ ഈടാക്കും
ഒരാളുടെ വരുമാനത്തിൽ കൂടുതൽ ചെലവഴിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെന്ന് കരുതുക. ക്രെഡിറ്റ്കാർഡ് ബിൽ അടക്കേണ്ട മിനിമം തുക കാലവധിക്കുള്ളിൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ലേറ്റ് പേയ്മെന്റ് ചാർജ് ഈടാക്കും. മൊത്തത്തിലുള്ള കുടിശ്ശിക അനുസരിച്ചാണ് ലേറ്റ് ഫീ ഈടാക്കുക. ഉദാഹരണത്തിന് 2000 രൂപ മൊത്തം കുടിശ്ശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ് ചെയ്യുന്നു. എന്നാൽ 25,000 രൂപ വരെയുള്ള കുടിശ്ശികക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതിനാൽ ബിൽ അടയ്ക്കാനുള്ള കാലാവധിക്കുള്ളിൽ മിനിമം തുക എങ്കിലും അടച്ചാൽ ലേറ്റ് ഫീ ഒഴിവാക്കാം. എന്നാലും ബാക്കി അടയ്ക്കാനുള്ള ബാലൻസ് തുകക്ക് പലിശ ഈടാക്കും.
വിവിധ ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്ന പലിശനിരക്കുകൾ എത്രയാണെന്ന് നോക്കാം
പലിശ നിരക്ക്
ക്രെഡിറ്റ് കാർഡ് ബില്ലിലെ മൊത്തം കുടിശ്ശികയിൽ മിനിമം തുക അടച്ചാൽ മതി എന്നാണ് ഭൂരിഭാഗം കാർഡ് ഉടമകളുടെയും ധാരണ. എന്നാൽ പലിശനിരക്കിനെപ്പറ്റി ആരും ചിന്തിക്കാറില്ല. മിനിമം തുക അടച്ചു കഴിഞ്ഞതിനു ശേഷമുള്ള കുടിശ്ശികക്ക് പലിശ ഈടാക്കും. കാർഡിന് അനുസരിച്ച് 20 മുതൽ 40 ശതമാനം വരെ പലിശചുമത്താറുണ്ട്. ക്രെഡിറ്റ് കാർഡിൽ കുടിശ്ശിക ഉണ്ടെങ്കിൽ പുതിയ ഇടപാടു തുകയ്ക്കും ആദ്യ ദിനം മുതൽ തന്നെ പലിശ ഈടാക്കും.
ഉദാഹരണത്തിന്, ഒരു ക്രെഡിറ്റ്കാർഡ് ഉടമയുടെ മൊത്തം കുടിശ്ശിക 50,000 രൂപ ആണെന്നു കരുതുക. അടക്കേണ്ട മിനിമം തുക 30000 രൂപ ആണ് . പ്രതിമാസം 3.5 ശതമാനം നിരക്കിൽ പലിശ ഈടാക്കുന്നുവെങ്കിൽ അവസാന തീയതിക്കുള്ളിൽ മിനിമം തുക 20,000 രൂപ അടച്ച് ബാലൻസ് നടക്കാതെ തന്നെ വെക്കുന്നു. ആ സമയത്ത് കാർഡുടമക്ക് 1050 രൂപ യുടെ പലിശ ബാധ്യത ഉണ്ടാവും. പ്രശ്നം അവിടെയല്ല, ഇത് ഫിനാൻസ് ചാർജിനെ പറ്റി ബോധ്യമില്ലാതെ വീണ്ടും 10,000 രൂപയുടെ ഇടപാട് നടത്തുന്നെങ്കിൽ 350 രൂപയുടെ അധിക പലിശ ആദ്യ ദിനം മുതൽ തന്നെ ചുമത്തും. ചുരുക്കത്തിൽ 1400 രൂപ ഫിനാൻസ് ചാർജ് മാത്രം ആയി അടക്കണം. അതിനാൽ ബിൽ അടക്കാനുള്ള അവസാന തീയതിക്കുള്ളിൽ തന്നെ മുഴുവൻ കുടിശ്ശികയും അടച്ച് തീർക്കുന്നതാണ് നല്ലത്.
എന്തൊക്കെ ശ്രദ്ധിക്കണം
ക്രെഡിറ്റ് കാർഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
- തിരിച്ചടയ്ക്കാന് കഴിയുന്ന തുക മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കാം.
- മിനിമം തുക മാത്രമല്ല, മൊത്തം കുടിശ്ശികയും അവസാന തീയതിക്കു മുമ്പ് അടച്ച് തീർക്കാൻ ശ്രദ്ധിക്കണം
- ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഇതിനകം കൂടുതൽ ആണെങ്കിൽ കുറച്ച് മാസങ്ങൾ കൊണ്ട് തവണകളായി അടച്ച് തീർക്കുക
- കാഷ് പിൻവലിക്കാൻ ക്രെഡിറ്റ്കാർഡ് ഉപയോഗിക്കാതിരിക്കുക. പണം പിൻവലിക്കുന്നതിന് പലിശ രഹിത കാലയളവ് ബാധകമാവില്ല.
- ലഭ്യമായ ക്രെഡിറ്റ് കാർഡ് പരിധി മുഴുവൻ ഉപയോഗിക്കുന്നത് ശീലമാക്കരുത്. അത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാം. ഭാവിയിൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടായേക്കും.
- ക്രെഡിറ്റ് കാർഡ് വഴി റിവാർഡുകളും ഓഫറുകളും പ്രയോജനപ്പെ ടുത്താം.*
- നമ്മുടെ ജീവിത ശൈലിക്കും ചെലവിനും അനുസരിച്ചുള്ള ക്രെഡിറ്റ് കാർഡ് തെരെഞ്ഞെടുക്കുക.
എല്ലാം ക്രെഡിറ്റ് കാർഡുകളും ഉപയോഗത്തിനനുസരിച്ച് റിവാർഡുകളും സമ്മാനങ്ങളും വൗച്ചറുകളും ഒക്കെ നൽകാറുണ്ട്. ചില സീസണുകളിൽ പ്രത്യേകിച്ച് ഫെസ്റ്റിവൽ സമയത്ത് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാം. പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ യാത്ര ടിക്കറ്റുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ്സ്, ഹോട്ടൽ വൗച്ചറുകൾ തുടങ്ങിയ യാത്ര ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡ് തെരെഞ്ഞെടുക്കുക. ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ നടത്തുന്നവർക്ക് റിവാർഡുകളും ക്യാഷ്ബാക്കുകളും നൽകുന്ന ക്രെഡിറ്റ് കാർഡുകൾ തെരെഞ്ഞെടുക്കാവുന്നതാണ്