ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചുള്ള കാഴ്ചപ്പാട് എസ്&പി ഉയര്‍ത്തി

  • നാല് ബാങ്കുകളുടെ ക്രെഡിറ്റ് പ്രൊഫൈലുകളും അപ്‍ഗ്രേഡ് ചെയ്തു
  • നിഷ്‍ക്രിയാസ്‍തി വിഹിതം കുറയുമെന്ന് വിലയിരുത്തല്‍
  • ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും

Update: 2023-06-27 05:26 GMT

ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് ഉയര്‍ത്തിയതായി എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അറിയിച്ചു. ഇന്ത്യൻ ധനകാര്യ മേഖലയിൽ "ശക്തമായ വീണ്ടെടുക്കൽ" നടക്കുന്നതായി നിരീക്ഷിച്ചുകൊണ്ടാണ് റേറ്റിംഗ് ഏജന്‍സി തങ്ങളുടെ വീക്ഷണം പുതുക്കിയിട്ടുള്ളത്. ഇന്ത്യയുടെ 'ബാങ്കിംഗ് ഇൻഡസ്ട്രി കൺട്രി റിസ്ക് അസസ്‌മെന്റ്' 6 ൽ നിന്ന് 5 ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു സമ്പദ്‌വ്യവസ്ഥയുടെ ധനകാര്യ മേഖലയിലെ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് 1 മുതൽ 10 വരെയാണ് റിസ്ക് സ്കോറുകൾ നല്‍കുക. 10 ഏറ്റവും ഉയർന്ന അപകടസാധ്യതയെ സൂചിപ്പിക്കുന്നതാണ്.

5 നു മുകളിലുള്ള റിസ്‍ക് സ്കോര്‍ "ജങ്ക്" ഗ്രേഡ് എന്ന നിലയിലാണ് കണക്കാക്കുക. വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തിക സാഹചര്യമാണ് ഇത് വെളിവാക്കുന്നത്. പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതം ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് ഇന്ത്യയെ സംബന്ധിച്ച വീക്ഷണം കൂടുതല്‍ ഉയര്‍ത്തുന്നതിന് ഇപ്പോഴും തടസമാണെന്ന് വിലയിരുത്തപ്പെടുന്നു. 

"ആസ്തി ഗുണനിലവാരം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പ്രവര്‍ത്തന സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഘടനാപരമായ മെച്ചപ്പെടുത്തലുകളും ഇന്ത്യയ്ക്കു മുന്നിലുള്ള മികച്ച സാമ്പത്തിക സാധ്യതകളും ഇതിനെ പിന്തുണയ്ക്കും " എസ്&പി-യുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ നാല് ധനകാര്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വീക്ഷണവും നാല് ബാങ്കുകളുടെ ക്രെഡിറ്റ് പ്രൊഫൈലുകളെ കുറിച്ചുള്ള വിലയിരുത്തലും ഉയർത്തിയിട്ടുണ്ട്. 

ബജാജ് ഫിനാൻസ്, ഹീറോ ഫിൻകോർപ്പ്, ശ്രീറാം ഫിനാൻസ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പോയിന്‍റില്‍ ഒന്നിന്‍റെ വര്‍ധനയാണ് നല്‍കിയിട്ടുള്ളത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സ്റ്റാൻഡ്‌ലോൺ ക്രെഡിറ്റ് പ്രൊഫൈലുകളെ സംബന്ധിച്ച വീക്ഷണത്തിലും ഒരു പോയിന്‍റിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾ, മൂലധന പര്യാപ്‍തതയുമായി ബന്ധപ്പെട്ട തങ്ങളുടെ പുരോഗതി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്&പി പറയുന്നു.

അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ പുതിയ നിഷ്ക്രിയാസ്തികള്‍ ചാക്രികമായി താഴ്ന്ന നിലകളില്‍ (cyclical lows ) ആയിരിക്കും. മോശം വായ്പകളുമായി ബന്ധപ്പെട്ട ചെലവിനെ സൂചിപ്പിക്കുന്ന അറ്റ ക്രെഡിറ്റ് ചെലവ് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 1.2 % ആയിരിക്കുമെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു. മോശം വായ്പകളുടെ വിഹിതം 2023 മാർച്ച് 31ലെ 5.2 ശതമാനത്തില്‍ നിന്ന് 2025 മാർച്ച് 31ല്‍ എത്തുമ്പോള്‍ 3.5% ആയി കുറയുമെന്ന്  പ്രതീക്ഷിക്കുന്നു. 

എന്നിരുന്നാലും, ഇന്ത്യൻ ബാങ്കുകളുടെ പ്രകടനം ഒരേ നിലയിലാകില്ലെന്നും എസ്&പി ചൂണ്ടിക്കാണിക്കുന്നു. എസ്ബിഐയും മുൻനിര സ്വകാര്യമേഖലാ ബാങ്കുകളും ആസ്തി-ഗുണനിലവാര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് മെച്ചപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍, മറ്റ് വലിയ പൊതുമേഖലാ ബാങ്കുകൾ ഇപ്പോഴും ഉയർന്ന തോതിലുള്ള നിഷ്ക്രിയാസ്തികള്‍ മൂലം വലയുകയാണ്. ഇത് ഉയർന്ന വായ്പാ നഷ്ടത്തിനും ലാഭം കുറയുന്നതിനും കാരണമാകും. 

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് എസ്&പി-യുടെ ഇന്നലെ പുറത്തുവന്ന അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ശരാശരി 6.7 %  വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6 % വളര്‍ച്ച നേടുമെന്ന മുന്‍ നിഗമനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 5 %  പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. 2024ന്‍റെ തുടക്കത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീങ്ങിയേക്കുമെന്നും എസ്&പി വിലയിരുത്തുന്നു. 

Tags:    

Similar News