ചെറുകിട വായ്പാ സെക്യൂരിറ്റൈസേഷനില്‍ 56% വളര്‍ച്ച

  • എന്‍ബിഎഫ്‌സികള്‍ക്കുള്ള വായ്പയില്‍ 32% വളര്‍ച്ച
  • സെക്യൂരിറ്റി വിപണിയുടെ 61 ശതമാനം വിഹിതം നേരിട്ടുള്ള അസൈന്‍മെന്റുകള്‍ക്ക്

Update: 2023-04-11 05:19 GMT

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ചെറുകിട വായ്പാ സെക്യൂരിറ്റൈസേഷന്‍ 56 ശതമാനം വളര്‍ച്ചയോടെ 1.76 ലക്ഷം കോടി രൂപയിലെത്തി. അതേസമയം മൊത്ത വായ്പകളുടെ കാര്യത്തില്‍ സെക്യൂരിറ്റൈസേഷന്‍ 6,600 കോടി രൂപയിലേക്ക് ഉയര്‍ന്നു. മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്ന് ബാങ്കുകള്‍ പുറത്തുകടക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്ന് കെയര്‍ റേറ്റിംഗ്‌സ് അനാലിസിസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുന്‍ഗണനാ മേഖലകളിലെ വായ്പാ ആവശ്യകതകള്‍ക്കായി തങ്ങളുടെ റീട്ടെയില്‍ ആസ്തികള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ പരിഗണനയാണ് കണക്കുകളില്‍ തെളിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22ല്‍ ചെറുകിട വായ്പാ സെക്യൂരിറ്റൈസേഷന്‍ 1,13,000 കോടി രൂപയായിരുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായുള്ള ബാങ്കുകളുടെ വായ്പയില്‍ 32 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മുന്‍ഗണനാ മേഖലകളിലെ ആസ്തികളുടെ കാര്യത്തില്‍ പലിശ നിരക്കും അനുബന്ധ പ്രീമിയവും തമ്മില്‍ മികച്ച പരസ്പര ബന്ധം പ്രകടമാകുകയും ചെയ്തു. ഈ രണ്ട് ഘടകങ്ങളാണ് 2022-23ല്‍ സെക്യൂരിറ്റൈസേഷന്‍ വിപണിയുടെ വലിയ വളര്‍ച്ചയ്ക്ക് വഴി തെളിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലും വളര്‍ച്ച തുടരുമെങ്കിലും വളര്‍ച്ചാ വേഗം മയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെയര്‍ റേറ്റിംഗ്‌സ് കൂട്ടിച്ചേര്‍ക്കുന്നു. ബാങ്കുകളുടെ മൊത്തം വായ്പാ വളര്‍ച്ച 15 ശതമാനം മാത്രമായിരുന്നു.

മൊത്തം വായ്പാ സെക്യൂരിറ്റി വിപണിയുടെ 61 ശതമാനം വിഹിതം നേരിട്ടുള്ള അസൈന്‍മെന്റുകള്‍ക്കാണ്. 2022 ഡിസംബറില്‍ നടപ്പാക്കപ്പെട്ട റെഗുലേറ്ററി മാറ്റങ്ങള്‍ സെക്യൂരിറ്റി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കെയര്‍ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. എന്നാല്‍ ഫിന്‍ടെക് വായ്പാദാതാക്കളുടെ സെക്യൂരിറ്റൈസേഷനില്‍ 2022-23ന്റെ രണ്ടാം പകുതിയില്‍ ഇതിന്റെ നെഗറ്റിവ് സ്വാധീനം ഉണ്ടായിട്ടുണ്ട്.

ആഗോള വെല്ലുവിളികള്‍ക്കിടയിലും ആഭ്യന്തര വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും റീട്ടെയില്‍ സെക്യൂരിറ്റൈസേഷന്‍ വിപണിയെ നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News