വായ്പാ നിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബിയും ബാങ്ക് ഓഫ് ബറോഡയും
- റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 9 ശതമാനമാക്കിയെന്ന് പിഎന്‍ബി ഇറക്കിയ അറിയിപ്പിലുണ്ട്.
ഡെല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകളും വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡയുമാണ് (ബിഓബി) ഇപ്പോള്‍ വായ്പാ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 9 ശതമാനമാക്കിയെന്ന് പിഎന്‍ബി ഇറക്കിയ അറിയിപ്പിലുണ്ട്. നേരത്തെ ഇത് 8.75 ശതമാനമായിരുന്നു. ബാങ്ക് ഓഫ് ബറോഡ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് 5 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഈ മാസം 12 മുതല്‍ നിലവില്‍ വരുമെന്ന് ബിഓബി ഇറക്കിയ അറിയിപ്പിലുണ്ട്.
ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8.15 ശതമാനത്തില്‍ നിന്ന് 8.20 ശതമാനമായി ഉയര്‍ത്തി. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ 8.25 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായും, ഒരു വര്‍ഷത്തെ കാലാവധി 8.5 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായി ഉയര്‍ത്തിയെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.
റീപ്പോ നിരക്ക് ഉയര്‍ന്നതോടെ വാഹന, ഭവന വായ്പകളുടെ ഉള്‍പ്പടെ പലിശ നിരക്ക് വര്‍ധിക്കും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക് എന്നത്. ആര്‍ബിഐ പണനയസമിതി യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ബാങ്ക് എഫ് ഡികളുടെ പലിശയും ഉയര്‍ന്നേക്കും. കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റീപ്പോ നിരക്ക് ഉയരുന്നത്.
പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യത്തെക്കാള്‍ മുകളിലാണെങ്കിലും ആഗോള തലത്തില്‍ പണപ്പെരുപ്പം ക്രമേണ മയപ്പെടുകയാണെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. അടുത്ത ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറയാനിടയുണ്ട്. 2023 ആദ്യ പകുതിയോടെ നിരക്ക് വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും, 2024 ന്റെ ആരംഭത്തില്‍ നിരക്ക് കുറക്കുന്നതിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു