ഉയര്‍ന്ന പലിശ നിരക്ക് എസ്എംഇ വായ്പകളുടെ റീഫിനാന്‍സിംഗിനെ ബാധിക്കുന്നു: മൂഡിസ്

  • എന്‍ബിഎഫ്‌സികളുടെ ഫണ്ടിംഗ് ചെലവുകളെ ബാധിച്ചു
  • ആസ്തി പിന്തുണയുള്ള സെക്യൂരിറ്റികളുടെ കാര്യത്തില്‍ ക്രെഡിറ്റ് നെഗറ്റിവ്

Update: 2023-04-17 09:31 GMT

ഉയര്‍ന്ന പലിശ നിരക്ക് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) തിരിച്ചടവ് തുകകള്‍ ഉയര്‍ത്തുന്നതിനൊപ്പം എസ്എംഇകളുടെ ആസ്തികളിന്‍മേലുള്ള വായ്പകളിലെ റീഫിനാന്‍സിംഗ് സാധ്യതയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മൂഡിസ് ഇന്‍വെസ്റ്റേര്‍സ് സര്‍വീസിന്റെ വിലയിരുത്തല്‍. ഇത് ഈ വായ്പകളിലെ കിട്ടാക്കട വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു.

"റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത് മരവിപ്പിച്ചെങ്കിലും ഉയർന്ന തിരിച്ചടവ് തുകകള്‍ എസ്എംഇകളുടെ തിരിച്ചടവ് ശേഷിയെ ബാധിച്ചിട്ടുണ്ട്. കൂടാതെ തിരിച്ചടവില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതു മൂലം ആസ്തികളിന്‍മേലുള്ള വായ്പകളില്‍, കൂടുതല്‍ താങ്ങാവുന്ന നിബന്ധനകളിലേക്ക് റീഫിനാന്‍സിംഗ് സാധ്യതകളും പരിമിതപ്പെടുന്നു," മൂഡിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വർഷകാലം പലിശ നിരക്കിലുണ്ടായ വര്‍ധന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‍സി) ഫണ്ടിംഗ് ചെലവുകളെ ബാധിച്ചു. ഇതിനെ തുടര്‍ന്ന് എന്‍ബിഎഫ്‍സികള്‍ എസ്എംഇകള്‍ക്ക് ആസ്തികളിന്‍മേല്‍ നല്‍കുന്ന വായ്പകളിലെ പലിശ നിരക്ക് ഉയര്‍ത്തി. ഈ സാഹചര്യം ഇന്ത്യയിലെ ആസ്തി പിന്തുണയുള്ള സെക്യൂരിറ്റികളുടെ കാര്യത്തില്‍ ക്രെഡിറ്റ് നെഗറ്റിവാണെന്നും മൂഡിസ് വിലയിരുത്തുന്നു. 

കഴിഞ്ഞ വർഷം മേയ് മുതല്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ആറു തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത്. മൊത്തം  2.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നിലവില്‍ 6.5 ശതമാനമാണ് റിപ്പൊ നിരക്ക്.

Tags:    

Similar News