സിലിക്കണ്‍ വാലി ബാങ്കിന്റെ യുകെ ഉപവിഭാഗം ഒരു പൗണ്ടിന് ഏറ്റെടുത്ത് എച്ച്എസ്ബിസി
- മാര്‍ച്ച് 10 വരെയുള്ള കണക്ക് പ്രകാരം സിലിക്കണ്‍ വാലി ബാങ്കിന്റെ യുകെ ശാഖ വഴി 5.5 ബില്യണ്‍ പൗണ്ടിന്റെ വായ്പാ വിതരണവും, 6.7 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപവും ഉണ്ട്.
സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ് വി ബി) യുകെയിലെ ഉപവിഭാഗം ഏറ്റെടുത്തുവെന്ന് അറിയിച്ച് എച്ച്എസ്ബിസി. ബ്രിട്ടനിലെ നല്ലൊരു വിഭാഗം ടെക്ക് സ്റ്റാര്‍ട്ടപ്പുകളും എസ് വി ബിയില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വെറും ഒരു പൗണ്ടിനാണ് ഏറ്റെടുക്കല്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായ എസ് വി ബാങ്ക് തകര്‍ന്നതോടെ ഇതിന്റെ ആഘാതം മറ്റ് ബാങ്കുകളിലേക്കും ഉണ്ടാകാതിരിക്കാനാണ് ബ്രിട്ടനിലെ ശാഖയെ എച്ച് എസ് ബി സി ഏറ്റെടുതത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
യുഎസ് ഗ്രൂപ്പില്‍ നിന്നും എസ് വി ബിയുടെ ബ്രിട്ടന്‍ ശാഖ വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞു. കമ്പനിയുടെ ആസ്തികളും ബാധ്യതകളും ഇടപാടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 10 വരെയുള്ള കണക്ക് പ്രകാരം സിലിക്കണ്‍ വാലി ബാങ്കിന്റെ യുകെ ശാഖ വഴി 5.5 ബില്യണ്‍ പൗണ്ടിന്റെ വായ്പാ വിതരണവും, 6.7 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപവും ഉണ്ട്. ഇതില്‍ 1.4 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപവും യുകെയില്‍ നിന്നും നേരിട്ടുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച വിശദാശംങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.
തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .
യു എസ്സിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാര്‍ഗ് പറയുന്നു,
ഫെഡറല്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എഫ്ഡിഐസി) നിര്‍ദേശമനുസരിച്ച് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സിലിക്കണ്‍ വാലി ബാങ്ക് അടച്ചിരുന്നു. 2022 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യണ്‍ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയില്‍ പറഞ്ഞു.