യുപിഐ വിപണി വിഹിത പരിധി ചട്ടങ്ങള്‍ രണ്ട് വര്‍ഷത്തിനകം പാലിക്കണം: എന്‍പിസിഐ

  • വിപണിയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ ഓരോ കമ്പനികളുടെയും വിപണി പങ്കാളിത്തം 30 ശതമാനമായി പരിമിതപ്പെടുത്താനാണ് എന്‍പിസിഐ ആലോചിക്കുന്നത്.
  • ഈ ഒക്ടോബറില്‍ ഫോണ്‍പേയുടെ വിപണി പങ്കാളിത്തം 47.2 ശതമാനമായിരുന്നു. ഇടപാട് വോള്യം 3.4 ബില്യണും. ഇതേ മാസം ഗൂഗിള്‍ പേയുടെ വിപണി പങ്കാളിത്തം 34.1 ശതമാനം, ഇടപാട് വോള്യം 2.49 ബില്യണും.

Update: 2022-12-04 15:02 GMT

യുപിഐ അധിഷ്ടിത സേവനം നല്‍കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികള്‍ക്ക് വിപണി പങ്കാളിത്തം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള  സമയം രണ്ട് വര്‍ഷത്തേക്ക് നീട്ടി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). വിപണിയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ ഓരോ കമ്പനികളുടെയും വിപണി പങ്കാളിത്തം 30 ശതമാനമായി പരിമിതപ്പെടുത്താനാണ് എന്‍പിസിഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 ജനുവരി ഒന്നുമുതല്‍, 2024 ഡിസംബര്‍ 31 വരെയാണ് എന്‍പിസിഐ അനുവദിച്ചിരിക്കുന്ന സമയം. യുപിഐ ഇടപാടുകളിലെ വിപണിയിലെ പ്രധാന സേവനദാതാക്കളായ ഫോണ്‍പേയും ഗൂഗിള്‍ പേയും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് വോള്യത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ പേയും, ഫോണ്‍ പേയുമാണ്.

രാജ്യത്തെ മറ്റ് പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ക്ക് അവരുടെ പ്രവര്‍ത്തനം അടുത്തഘട്ടത്തിലേക്ക് വിപുലീകരിക്കാന്‍ ഉടനെ സാധിക്കാത്തത് എന്‍പിസിഐയുടെ ഈ കാലാവധി നീട്ടലിനുള്ള ഒരു കാരണമാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് പേയാണ് ഗൂഗിള്‍പേയുടെയും, ഫോണ്‍പേയുടെയും പ്രധാന എതിരാളി. എന്നാല്‍ യുപിഐ പേയ്‌മെന്റ് വിഭാഗത്തില്‍ 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെങ്കിലും വാട്‌സാപ് പേയ്‌മെന്റിന് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വാട്‌സാപ് പേ, ആമസോണ്‍ പേ എന്നിവയുടെ വിപണി പങ്കാളിത്തം യഥാക്രമം 0.1 ശതമാനവും, 0.7 ശതമാനവുമാണ്.

ഈ ഒക്ടോബറില്‍ ഫോണ്‍പേയുടെ വിപണി പങ്കാളിത്തം 47.2 ശതമാനമായിരുന്നു. ഇടപാട് വോള്യം 3.4 ബില്യണും. ഇതേ മാസം ഗൂഗിള്‍ പേയുടെ വിപണി പങ്കാളിത്തം 34.1 ശതമാനം, ഇടപാട് വോള്യം 2.49 ബില്യണും.

2020 ലാണ് എന്‍പിസിഐ ആദ്യമായി ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമം ആരംഭിക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് എന്നത് ഏതാനും കമ്പനികളില്‍ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതിന്റെ അപകടം ഒഴിവാക്കുക എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം. ഇത്തരത്തില്‍ ഇടപാടുകളുടെ ഉയര്‍ന്ന പരിധി നിശ്ചയിച്ചാല്‍ നിലവില്‍ ലഭ്യമായ അണ്‍ലിമിറ്റഡ് ഉപയോഗം നിലയ്ക്കും. ഒരുപക്ഷേ ഒരു നിശ്ചിത ഇടപാടുകള്‍ക്ക് ശേഷം കമ്പനികള്‍ അധിക തുക ഫീസായി ഈടാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ എന്‍പിസിഐ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആര്‍ബിഐയില്‍ നിന്നും, കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്നുമുള്ള പ്രതിനിധികളുമുണ്ട്.

Tags:    

Similar News