ക്രെഡിറ്റ് സ്യൂസ് ഏറ്റെടുക്കല്‍, ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും: റിപ്പോര്‍ട്ട്
- സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നിര്‍ണ്ണായകമാകുമെന്ന് വ്യക്തമാക്കി ജെഫറീസ് ഇന്ത്യ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.
മുംബൈ: ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടനവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ കണക്കാക്കിയാല്‍ യുബിഎസിനും ക്രെഡിറ്റ് സ്യുയിസിനുമായി ഇന്ത്യയില്‍ ഏകദേശം 14,000 ജീവനക്കാരാണുള്ളത്.
ഇതില്‍ 7,000 പേരും ടെക്‌നോളജി വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ക്രെഡിറ്റ് സ്യുയിസിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ യുബിഎസ് ഏറ്റെടുക്കല്‍ നടത്തിയ ശേഷം ചെലവ് കുറയ്ക്കലിന്റെ നടപടികളും പൂര്‍ത്തിയാക്കി വരികയാണ്. തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി ജോലിയല്‍ നിലനിര്‍ത്തും. കസ്റ്റമര്‍ കെയര്‍, എച്ച് ആര്‍, ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ തസ്തികകളെയാകും വെട്ടിക്കുറയ്ക്കല്‍ ബാധിക്കുക.
സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നിര്‍ണ്ണായകമാകുമെന്ന് വ്യക്തമാക്കി ജെഫറീസ് ഇന്ത്യ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്തിരുന്ന ബാങ്കാണ് ക്രെഡിറ്റ് സ്യൂയിസ്. ഹ്രസ്വകാലത്തേക്കുള്ള വായ്പകളാണ് ക്രെഡിറ്റ് സ്യൂയിസ് ഇന്ത്യന്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ഇടപാടുകാരുമായി നടത്തിയിരിക്കുന്നത്.
അമേരിക്കന്‍ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കും, സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നതിന് പിന്നാലെയാണ് ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്.
ഇക്കഴിഞ്ഞ 15ന് അവരുടെ ഓഹരികളും ബോണ്ടും അസാധാരണമാം വിധം നിലം പൊത്തി. ബാങ്ക് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 30 ശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. ബഞ്ച്മാര്‍ക്ക് ബോണ്ട് വിലയാകട്ടെ റിക്കോഡ് പതനത്തിലേക്കും പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതില്‍ നിന്ന് പിന്‍മാറുന്നതായും പ്രഖ്യാപിച്ചു.
ക്രെഡിറ്റ് സ്യൂയിസിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറായ സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ നടത്തിയ ഒരു പ്രസ്താവനയാണ് പ്രതിസന്ധിയ്ക്ക് പെട്ടന്നുള്ള കാരണം. ഇനി പണം ക്രെഡിറ്റ് സ്യൂയിസിലേക്ക് നിക്ഷേപിക്കില്ലെന്നാണ് ചെയര്‍മാന്‍ അമ്മര്‍ അല്‍ ഖുദൈറി ഒരു ചോദ്യത്തിനുത്തരമായി വ്യക്തമാക്കിയത്. ഇത് ബാങ്കിംഗ് ഓഹരികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി.