15,000 കോടി രൂപയുടെ നിഷ്ക്രിയാസ്തി വില്‍ക്കാന്‍ തയാറെടുത്ത് ബാങ്ക് ഓഫ് ഇന്ത്യ
96,000 കോടി രൂപയുടെ എന്‍പിഎ വില്‍ക്കുന്നതിനാണ് എസ്‍ബിഐ-യുടെ പദ്ധതി
ഈ സാമ്പത്തിക വർഷത്തിൽ ആസ്തി പുനർനിർമ്മാണ കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വിൽക്കുന്നതിനായി പരിഗണിക്കേണ്ട നിഷ്ക്രിയാസ്തി അക്കൗണ്ടുകളുടെ (എൻപിഎ) ഒരു പട്ടിക ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കി. മൊത്തം 15,000 കോടി രൂപയുടെ കിട്ടാക്കടം കൈമാറുന്നതിനാണ് ബാങ്ക് തയാറെടുക്കുന്നത്. എൻപിഎകളിൽ നിന്നുള്ള ലാഭം ഗണ്യമായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപയുടെ എന്‍പിഎ മാത്രമാണ് ബിഒഐ വില്‍പ്പനയ്ക്ക് വെച്ചത്
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 96,000 കോടി രൂപയുടെ സമ്മര്‍ദ്ദ ആസ്തി വില്‍ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ബിഒഐ-യുടെ പദ്ധതിയും പുറത്തുവന്നിട്ടുള്ളത്. ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി 331 അക്കൗണ്ടുകളുടെ പട്ടിക എസ്ബിഐ തയാറാക്കിയിട്ടുണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പ്, വീഡിയോകോണ്‍, ജെയ്‍പീ തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകള്‍, അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ വായ്പകളും ഈ പട്ടികയിലുണ്ട്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി മൂലധനം സമാഹരിക്കാനും എസ്ബിഐ പദ്ധതിയിടുന്നുണ്ട്. 15 വര്‍ഷത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്തു കൊണ്ട് 10,000 കോടി രൂപ വരെ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.