യുദ്ധവിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന് എന്താണിത്ര പ്രാധാന്യം?
- മൂന്നുപതിറ്റാണ്ടുകളായി യുഎസ് നാവികസേന ഉപയോഗിക്കുന്ന എഞ്ചിന്‍
- ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും ജനറല്‍ ഇലക്ട്രിക്കുമായാണ് കരാറിലെത്തിയത്
- അടുത്ത തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിന് ഈ എഞ്ചിന്‍ ഉപയോഗിക്കും
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ക്കായി രാജ്യത്ത് സംയുക്തമായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി ജനറല്‍ ഇലക്ട്രിക്കിന്റെ എയ്റോസ്പേസ് യൂണിറ്റ് കരാറിലെത്തിയിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. എല്ലാവരും ചരിത്രപരം എന്നുവിശേഷിപ്പിച്ച ഈ കരാറിന്റെ പ്രത്യേകത എന്താണ്? ഇന്ത്യയും യുഎസും തമ്മില്‍ എത്തിച്ചേര്‍ന്ന കരാറുകളിലും ധാരണകളിലും ഏറെ പ്രധാനപ്പെട്ടത് എന്ന് ഇതിനു വിശേഷണം ലഭിക്കാന്‍ എന്താണുകാരണം?
ഇന്ത്യയുടെ സൈന്യത്തിന് അത് എന്തുകൊണ്ട് ഇത് നിര്‍ണായകമാകുന്നു?
ജിഇ എഞ്ചിനെ എഫ് 414 എന്നാണ് വിളിക്കുന്നത്. ഇത് മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ നാവിക സേന ഉപയോഗിക്കുന്നതാണ്. യുഎസിനുപുറമേ സ്വീഡന്‍, ഓസ്‌ട്രേലിയ, കുവൈറ്റ്, ബ്രസീല്‍, ദക്ഷിണ കൊറിയ, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിടെ വിമാനങ്ങള്‍ക്ക് ശക്തിപകരുന്നു. ചില രാജ്യങ്ങളുടേത് നിര്‍മ്മാണ കരാറുകളിലാണ്.
ഇതുവരെ വിതരണം ചെയ്ത എഞ്ചിന്റെ സംഖ്യ കേട്ടാല്‍ ഞെട്ടും. അത് 1600-ല്‍അധികമാണ്. ഇവ അഞ്ച് ദശലക്ഷത്തിലധികം മണിക്കൂര്‍ പറന്നിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതിലൂടെ ഈ എഞ്ചിന്റെ കാര്യക്ഷമത മനസിലാകും. ദക്ഷിണ കൊറിയയിലും ഇത് നിര്‍മ്മിക്കപ്പെടുന്നുണ്ട്.
'തേജസ്' എന്ന് പേര് നല്‍കിയ ഒരു തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുന്നതിന് 1980കളില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 2000ത്തിനുശേഷമാണ് എച്ചഎഎല്‍ എഞ്ചിനുവേണ്ടി ജിഇയിലേക്ക് തിരിഞ്ഞത്. എഫ് 414 ന്റെ മുന്‍ഗാമിയായ എഫ് 404 ഇതുവരെ ഇന്ത്യ 75 എണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. കൂടാതെ 716 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മറ്റൊരു 99 എഞ്ചിനുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുമുണ്ട്.
തേജസ് മാര്‍ക്ക് 2, ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നിലവിലുള്ള തേജസിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. ഈ പ്രോഗ്രാമിനായി എട്ട് എഫ് 414 എഞ്ചിനുകള്‍ എച്ച്എഎല്‍ വാങ്ങിയിട്ടുണ്ട്.
ഇന്ത്യയുടെ അടുത്ത തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിനും ഇതേ എഞ്ചിനായിരിക്കും ഉപയോഗിക്കുക.
തങ്ങളുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളെ മികച്ച രീതിയില്‍ വിന്യസിച്ചു നിര്‍ത്താനായി ഇന്ത്യയുടെ വ്യോമസേന തീവ്രശ്രമത്തിലാണ്. ചെലവ് നിയന്ത്രണത്തിലാക്കാനും വിദേശ വിതരണക്കാരനെ ആശ്രയിക്കുന്നത് ഒഴിവാക്കാനും രാജ്യം ശ്രമിക്കുന്നു. സ്വദേശ നിര്‍മ്മിത എഞ്ചിനുകളാല്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ നിര്‍മ്മിത ജെറ്റുകള്‍ ഉപയോഗിച്ച് ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
2016-ല്‍ വാഷിംഗ്ടണ്‍ ഇന്ത്യയെ ഒരു 'പ്രധാന പ്രതിരോധ പങ്കാളി' ആയി പ്രഖ്യാപിച്ചു, കൂടാതെ ന്യൂഡെല്‍ഹിയുടെ അമേരിക്കയില്‍ നിന്നുള്ള സൈനികോപകരണ ഇറക്കുമതി 2020 ല്‍ 20 ബില്യണ്‍ ഡോളര്‍ കടന്നു. 2008നുമുമ്പ് സൈനികോപകരണങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നതില്‍ യുഎസ് വിട്ടുനില്‍ക്കുകയായിരുന്നു. അന്ന് ഇന്ത്യ പ്രധാനമായും ആശ്രയിച്ചത് റഷ്യയെ ആണ്. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇരട്ട സൈനിക ഭീഷണികള്‍ നേരിടുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരാണ്. അതിനാല്‍ ആയുധങ്ങള്‍ക്കായി ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീരാജ്യങ്ങളെയും ഇന്ത്യ ആശ്രയിച്ചു. ഇന്ന് അമേരിക്കയും ഇന്ത്യക്കൊപ്പമായി.
ചൈനയുടെ വര്‍ധിച്ചുവരുന്ന ആഗോളതലത്തിലെ സ്വാധീനത്തിനെ ചെറുക്കാന്‍ പ്രതിരോധമെന്ന നിലയിലാണ് യുഎസ് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കിയത്. ഇന്ന് ചൈന സൈനികമായും വന്‍ശക്തിയായി. ഇനി ഇന്ത്യയെ ഒഴിവാക്കുക യുഎസിന് ബുദ്ധിമുട്ടാകും. റഷ്യന്‍ സൈനിക സപ്ലൈകളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനും യുഎസ് ആഗ്രഹിക്കുന്നു. കൂടാതെ സഖ്യകക്ഷികളല്ലാത്തവരുമായി അപൂര്‍വ്വമായി പങ്കിടുന്ന എഫ് 414 പോലുള്ള നിര്‍ണായക അമേരിക്കന്‍ സാങ്കേതികവിദ്യകളിലേക്ക് ഇന്ത്യയ്ക്ക് പ്രവേശനംനല്‍കാന്‍ അവര്‍ തയ്യാറായത്.
ഇന്ത്യയില്‍ എഫ് 414 എഞ്ചിനുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കരാറിന് യുഎസ് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
ആദ്യത്തെ എഫ് 414 എഞ്ചിനുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎസില്‍ നിന്ന് ഡെലിവര്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എച്ച്എഎല്‍ ഇന്ത്യയില്‍ ഒരു ഉല്‍പ്പാദന കേന്ദ്രവും സ്ഥാപിക്കും. ആദ്യത്തെ തേജസ് മാര്‍ക്ക് 2 2026 ല്‍ പറക്കുമെന്ന് പ്രതീക്ഷിക്കുന്നു.