റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ ഏഴ് ശതമാനം വര്‍ധന

  • പാസഞ്ചര്‍ വാഹന റീട്ടെയില്‍ വില്‍പ്പന 16 ശതമാനം വര്‍ധിച്ചു
  • ഇരുചക്ര വാഹന വില്‍പ്പനയില്‍ 4 ശതമാനവും ഉയര്‍ച്ച ഉണ്ടായി

Update: 2025-02-06 05:54 GMT

രാജ്യത്തെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ കുതിപ്പ്. ജനുവരിയില്‍ വില്‍പ്പന 7ശതമാനം ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍. 2024 ജനുവരിയില്‍ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന 21,49,117 യൂണിറ്റായിരുന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 16 ശതമാനം ഉയര്‍ന്ന് 4,65,920 യൂണിറ്റിലെത്തി. ഇന്‍വെന്ററി ലെവലുകള്‍ മെച്ചപ്പെട്ടതായും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) പ്രസിഡന്റ് സി എസ് വിഘ്‌നേശ്വര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന കഴിഞ്ഞ മാസം 4 ശതമാനം വര്‍ധിച്ച് 15,25,862 യൂണിറ്റായി ഉയര്‍ന്നു. പുതിയ മോഡല്‍ ലോഞ്ചുകള്‍, വിവാഹ സീസണ്‍ ഡിമാന്‍ഡ്, മെച്ചപ്പെട്ട ധനസഹായം എന്നിവ പ്രധാന വളര്‍ച്ചാ പ്രേരകങ്ങളായി ഡീലര്‍മാര്‍ സൂചിപ്പിക്കുന്നതായും വിഘ്‌നേശ്വര്‍ പറഞ്ഞു.

എന്നിരുന്നാലും, ഉയരുന്ന പലിശനിരക്ക്, ഗ്രാമീണമേഖലയിലെ പണലഭ്യതാ വെല്ലുവിളികള്‍, വിപണിയിലെ അനിശ്ചിതത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന ജനുവരിയില്‍ 8 ശതമാനം ഉയര്‍ന്ന് 99,425 യൂണിറ്റായി. ജനുവരിയില്‍ ട്രാക്ടര്‍ വില്‍പ്പന 5 ശതമാനം ഉയര്‍ന്ന് 93,381 യൂണിറ്റിലെത്തി. കഴിഞ്ഞ മാസം ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പന 7 ശതമാനം ഉയര്‍ന്ന് 1,07,033 യൂണിറ്റിലെത്തി. വാഹന റീട്ടെയില്‍ മേഖല ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തോടെ ഫെബ്രുവരിയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഫാഡ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ സര്‍വേ പ്രകാരം, ഡീലര്‍മാരില്‍ പകുതിയും (46 ശതമാനം) ഈ മാസം വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതേസമയം 43 ശതമാനം പേര്‍ വില്‍പ്പന ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്.

കര്‍ശനമായ വായ്പാ മാനദണ്ഡങ്ങള്‍, ചെലവേറിയ വാഹനങ്ങള്‍, ചില വ്യാവസായിക മേഖലകളിലെ ഡിമാന്‍ഡ് എന്നിവ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുമെന്ന് എഫ്എഡിഎ അഭിപ്രായപ്പെട്ടു. 

Tags:    

Similar News