റെനോള്‍ട്ട് ഡസ്റ്റര്‍ വീണ്ടുമെത്തുന്നു
നവംബര്‍ 29-ന് ആഗോളതലത്തില്‍ ഡസ്റ്ററിനെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ വീണ്ടുമെത്തുകയാണ് ഡസ്റ്റര്‍. റെനോള്‍ട്ട് ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ ജനപ്രിയമായ എസ്‌യുവിയാണ് ഡസ്റ്റര്‍. 2013-ലാണ് ഡസ്റ്റര്‍ ആദ്യ തലമുറ അവതരിപ്പിച്ചത്. 2020-ല്‍ ഡസ്റ്ററിന്റെ ഉല്‍പ്പാദനം നിറുത്തിവച്ചു. ഡിമാന്‍ഡിലുണ്ടായ ഇടിവാണു കാരണം.
ഇപ്പോള്‍ പുതുമോടിയിലെത്തുന്ന ഡസ്റ്ററിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ശക്തിയുള്ള എന്‍ജിനും, മികച്ച മൈലേജും, അത്യാധുനിക കണക്റ്റിവിറ്റി ഫീച്ചറുകളുമായാണു പുതിയ ഡസ്റ്ററെത്തുന്നത്.
എസ് യുവി വിപണിയിലെ രാജാക്കന്മാരായ ഹ്യുണ്ടായ ക്രെറ്റ, മഹീന്ദ്ര എക്‌സ് യുവി700, എംജി ഹെക്റ്റര്‍, കിയ കാരെന്‍സ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ് എന്നിവരോട് ഏറ്റുമുട്ടാന്‍ തന്നെ ഉറച്ചാണ് പുതിയ ഡസ്റ്ററെത്തുന്നത്.
നവംബര്‍ 29-ന് ആഗോളതലത്തില്‍ ഡസ്റ്ററിനെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലിലായിരിക്കും അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത എന്‍ജിനുകളുമായിട്ടായിരിക്കും പുതിയ ഡസ്റ്റര്‍ വിപണിയിലെത്തുക.
ഇവയില്‍ ഡസ്റ്ററിന്റെ ഏറ്റവും ശക്തമായ മോഡല്‍ 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 167.6 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 25 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.