കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ വേഗം വാങ്ങിക്കോ, ജനുവരി മുതല്‍ വില കൂടും
അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഹ്യൂണ്ടായ് മോട്ടോര്‍സും മാരുതി സുസുക്കിയും. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ഏതൊക്കെ മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ധിക്കുമെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.
ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകള്‍ക്കും 25,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. വാഹന നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചെലവ് വര്‍ധിച്ചതാണ് വിലകൂട്ടുന്നതിന് കാരണമായി ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടുന്നത്. വില വര്‍ധയുടെ ഭാരം ഉപയോക്താക്കളില്‍ എത്താതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും എന്നാല്‍ നിലവില്‍ വിലയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നുമാണ് ഹ്യൂണ്ടായ് വൃത്തങ്ങള്‍ വിശദീകരണം.
വിവിധ മോഡലുകള്‍ക്ക് ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഹ്യൂണ്ടായ് മോട്ടോര്‍സാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെയാണ് സമാന തീരുമാനവുമായി മാരുതി സുസുക്കിയുമെത്തിയത്. മാരുതിയുടെയും ഹ്യൂണ്ടായ് മോട്ടോര്‍സിന്റെയും ചുവട് പിടിച്ച് മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.