മെയ് മാസം വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബജാജ് ഓട്ടോ

  • ത്രീ-വീലര്‍ വിഭാഗത്തിലാണ് കമ്പനി വലിയ നേട്ടമുണ്ടാക്കിയത്. 80 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തിയത്
  • കമ്പനിക്ക് നിലവില്‍ 125 സിസി സെഗ്മെന്റില്‍ 30 ശതമാനം വിപണി വിഹിതമുണ്ട്. ഇത് വിപണിയിലെ ശക്തമായ സ്ഥാനം സൂചിപ്പിക്കുന്നു
  • ബജാജ് ഓട്ടോയുടെ ആഭ്യന്തര വിപണി വിഹിതം ഇപ്പോള്‍ 18 ശതമാനത്തില്‍ എത്തി

Update: 2023-06-01 11:00 GMT

ബജാജ് ഓട്ടോ ഈ വര്‍ഷം മെയ് മാസത്തില്‍ മൊത്തം വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. 3,55,148 യൂണിറ്റാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തേക്കാള്‍ 29 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം മെയ് മാസത്തില്‍ കൈവരിച്ചത്. മുന്‍ വര്‍ഷം മെയ് മാസത്തില്‍ 2,75,868 യൂണിറ്റാണ് വില്‍പ്പന നടത്തിയത്.

കമ്പനിയുടെ ആഭ്യന്തരതലത്തിലെ മൊത്ത വില്‍പ്പന മെയ് മാസത്തില്‍ 2,28,401 യൂണിറ്റാണ്. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 1,12,308 യൂണിറ്റായിരുന്നു. അതേസമയം കയറ്റുമതിയില്‍ 23 ശതമാനം ഇടിവുണ്ടായി. കയറ്റുമതി 1,63,560-ല്‍നിന്നും 1,26,747 യൂണിറ്റിലെത്തി.

ബജാജ് ഓട്ടോയുടെ ടൂ വീലര്‍ വിഭാഗം വില്‍പ്പനയില്‍ ഈ വര്‍ഷം മെയ് മാസം 23 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 3,07,696 യൂണിറ്റാണ് വിറ്റഴിച്ചത്. ഇത് മുന്‍വര്‍ഷം മെയ് മാസം 2,49,499 യൂണിറ്റായിരുന്നു.

ത്രീ-വീലര്‍ വിഭാഗത്തിലാണ് കമ്പനി വലിയ നേട്ടമുണ്ടാക്കിയത്. 80 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022 മെയ് മാസം 26,369 യൂണിറ്റായിരുന്നു ത്രീ-വീലര്‍ വിഭാഗത്തിലെ വില്‍പ്പനയെങ്കില്‍ 2023 മെയ് മാസമെത്തിയപ്പോള്‍ അത് 47,452 യൂണിറ്റായി.

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം (consolidated net profit) 1,704.74 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,526.16 കോടി രൂപയില്‍ നിന്ന് 11.70 ശതമാനത്തിന്റെ വര്‍ധനയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

ആഭ്യന്തരതല വില്‍പ്പനയില്‍ കമ്പനിയുടെ പ്രകടനം ശക്തമാണെന്നും അത് പ്രധാനമായും 125 സിസി സെഗ്മെന്റില്‍ നിന്നാണെന്നും ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ പറഞ്ഞു.

കമ്പനിക്ക് നിലവില്‍ 125 സിസി സെഗ്മെന്റില്‍ 30 ശതമാനം വിപണി വിഹിതമുണ്ട്. ഇത് വിപണിയിലെ ശക്തമായ സ്ഥാനം സൂചിപ്പിക്കുന്നു. കൂടാതെ, ബജാജ് ഓട്ടോയുടെ ആഭ്യന്തര വിപണി വിഹിതം ഇപ്പോള്‍ 18 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്നും ശര്‍മ്മ സൂചിപ്പിച്ചു.

Tags:    

Similar News