ഹോണ്ട സിറ്റി, അമേസ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
- ജൂണ്‍ ആറിന് ഹോണ്ട എലിവേറ്റ് എസ്‌യുവി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്
- ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നീ എസ്‌യുവി വിഭാഗങ്ങളുമായി മത്സരിക്കാനാണു ലക്ഷ്യമിടുന്നത്
- സെഡാന്‍ കാറുകളുടെ വില ഒരു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചു
സിറ്റി, അമേസ് തുടങ്ങിയ സെഡാന്‍ കാറുകളുടെ വില ഒരു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചു. വര്‍ധിച്ചുവരുന്ന ചെലവിനെ തുടര്‍ന്നാണിതെന്നു കമ്പനി അറിയിച്ചു. പുതുക്കിയ വില ജൂണില്‍ നിലവില്‍ വരും.
6.99-9.6 ലക്ഷം രൂപ വില വരുന്നതാണ് അമേസ്. 11.55-20.39 ലക്ഷം രൂപ നിരക്കിലാണ് ഹോണ്ട സിറ്റിയുടെ വില. ഡല്‍ഹിയിലെ എക്‌സ് ഷോറൂം നിരക്കാണിത്.
ജൂണ്‍ ആറിന് ഹോണ്ട എലിവേറ്റ് എസ്‌യുവി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോണ്ട എലിവേറ്റ് അവതരിപ്പിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നീ എസ്‌യുവി വിഭാഗങ്ങളുമായി വിപണിയില്‍ മത്സരിക്കാനാണു പുതിയ മോഡലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ലോകമെമ്പാടും എസ്‌യുവികള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണു ഹോണ്ട പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.
ആളുകളുടെ ലൈഫ്‌സ്റ്റൈല്‍ ആവശ്യകതയും, അവരുടെ പ്രതീക്ഷകളും ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് പുതിയ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ഹോണ്ട പറയുന്നു. അതേസമയം മാരുതി സുസുക്കിയുടെ എസ്‌യുവിയായ ജിംനിയും ജൂണ്‍ ആദ്യയാഴ്ച പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയെ ആദ്യമായി അവതരിപ്പിച്ചത്.