വൈദ്യുതി വാഹന മേഖല; കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചേക്കും

  • ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഉള്‍പ്പെടുത്തുന്ന ഘടകങ്ങളുടെ ഇറക്കുമതി തീരുവ 5 മുതല്‍ 20 ശതമാനം വരെ കുറയ്‌ച്ചേക്കും

Update: 2022-12-11 08:59 GMT

ഡെല്‍ഹി: ആഭ്യന്തര വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനം ഊര്‍ജ്ജിതമാക്കുന്നതിനായി വരുന്ന കേന്ദ്ര ബജറ്റില്‍ (2023-24) സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഇതില്‍ ഇന്‍സെന്റീവ് പദ്ധതികള്‍ ഉള്‍പ്പെടുമെന്നും ഊര്‍ജ്ജം സ്റ്റോര്‍ ചെയ്ത് വെക്കുന്നതിനുള്ള (എനര്‍ജി സ്‌റ്റോറേജ് സിസ്റ്റംസ്) ഉപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുകളുണ്ടാകുമെന്നും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഉള്‍പ്പെടുത്തുന്ന ഘടകങ്ങളുടെ ഇറക്കുമതി തീരുവ 5 മുതല്‍ 20 ശതമാനം വരെ കുറയ്‌ച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അധികൃതരും കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രിലിനും സെപ്റ്റംബറുമിടയില്‍ 1.32 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളാണ് ഇന്ത്യ വാങ്ങിയത്.

വൈദ്യുത വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 25,938 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പ്രോഗ്രാം (പിഎല്‍ഐ) കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ബാറ്ററി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 18,100 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി നടപ്പാക്കിയത് വഴി രാജ്യത്തെ വൈദ്യുത വാഹന വില്‍പനയിലടക്കം കുതിപ്പ് കൊണ്ടുവരാന്‍ കേന്ദ്രത്തിന് സാധിച്ചു. നേരത്തെ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറയ്ച്ചിരുന്നു.

Tags:    

Similar News