സ്വിറ്റ്‌സര്‍ലാന്‍ഡ് വൈദ്യുത വാഹനങ്ങള്‍ നിരോധിക്കുമോ? കാരണമുണ്ടെന്ന് സര്‍ക്കാര്‍

  • മുന്‍നിര വാഹന ബ്രാന്‍ഡുകള്‍ ഇവി മോഡലുകള്‍ അവതരിപ്പിച്ച രാജ്യം കൂടിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്.
  • ഏതാനും മാസം മുന്‍പാണ് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഇറക്കിയത്.

Update: 2022-12-06 08:44 GMT

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമ്പോള്‍ ഇത്തരത്തിലുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നേരത്തെ സൂചനകള്‍ വന്നിരുന്നു. ഓഡിയും, മെഴ്‌സിഡസും, ബിഎംഡബ്ല്യുവും ഉള്‍പ്പടെയുള്ള മുന്‍നിര വാഹന കമ്പനികള്‍ ഉള്‍പ്പടെ വൈദ്യുത മോഡല്‍ അവതരിപ്പിച്ചിരിക്കുന്ന രാജ്യം കൂടിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്.

രാജ്യത്ത് ശൈത്യകാലമാകുമ്പോള്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയാണ് എന്നത് കണക്കിലെടുത്താണ് നീക്കം. ഇത് നടപ്പാക്കിയാല്‍ ലോകത്ത് ആദ്യമായി വൈദ്യുത വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യമാകും സ്വിറ്റ്‌സര്‍ലന്‍ഡ്. ഇത് താല്‍ക്കാലികമായി മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തിപ്പോള്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. മാത്രമല്ല ഊര്‍ജ്ജ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇന്ധന ആവശ്യത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്നതിന് പുറമേ ഫ്രാന്‍സും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങളില്‍ നിന്നും വാങ്ങിയാണ് രാജ്യത്ത് വൈദ്യുതി വിതരണം നടത്തുന്നത്.

ഫ്രാന്‍സിലെ ആണവോര്‍ജ്ജ ഉത്പാദനം കുറഞ്ഞതിനാല്‍ ശൈത്യകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ടെന്ന് സ്വിസ് ഫെഡറല്‍ ഇലക്ട്രിസിറ്റി കമ്മീഷന്‍ ഇക്കഴിഞ്ഞ ജൂണില്‍ അറിയിപ്പ് ഇറക്കിയിരുന്നു.

പിന്നാലെ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നത് ജനങ്ങള്‍ കഴിവതും ഒഴിവാക്കണം എന്നത് ഉള്‍പ്പടെയുള്ള അറിയിപ്പ് ഇറക്കിയിരുന്നു. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവൂ എന്നും അറിയിപ്പിലുണ്ട്. നിയന്ത്രണത്തിന്റെ ഭാഗമായി കടകളുടെ പ്രവര്‍ത്തന സമയം മുതല്‍ കായിക മത്സരം പോലുള്ള പൊതുപരിപാടികള്‍ക്ക് വരെ നിയന്ത്രണമേര്‍പ്പടുത്താനുള്ള സാധ്യതയും രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News