പുതുവര്‍ഷത്തില്‍ ഇവി യില്‍ ചുറ്റാം, പ്രതീക്ഷയോടെ ബജറ്റ് 2023-24

  • ബജറ്റില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് ഉള്‍പ്പടെ ഇളവ് വരുത്തണമെന്ന ആവശ്യം കമ്പനികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Update: 2022-12-30 07:34 GMT

ഡെല്‍ഹി: രാജ്യത്തെ ഗതാഗത സംവിധാനം ഭൂരിഭാഗവും വൈദ്യുതി അധിഷ്ഠിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കണമെങ്കില്‍ കേന്ദ്ര ബജറ്റില്‍ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ വേണ്ടി വന്നേക്കും. ബജറ്റില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് ഉള്‍പ്പടെ ഇളവ് വരുത്തണമെന്ന ആവശ്യം കമ്പനികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഈ ആവശ്യങ്ങള്‍ കേന്ദ്രം കൃത്യമായി പരിഗണിച്ചാല്‍ മാത്രമേ രാജ്യത്തെ വൈദ്യുത വാഹന നിര്‍മ്മാണവും വില്‍പനയും സുഗമമാകൂ. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്ത് ആകെ 42,108 വൈദ്യുതി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം നവംബര്‍ ആയപ്പോഴേയ്ക്കും അത് 1,20,660 ആയി ഉയര്‍ന്നുവെന്ന് മേഖലയിലെ റിസര്‍ച്ച് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ഇവി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. ഇരുചക്ര, മുചക്ര വൈദ്യുതി വാഹനങ്ങളാണ് ഇവയില്‍ അധികമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2021 നവംബറില്‍ 22,474 ഇവി ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2022 ആയപ്പോഴേയ്ക്കും ഇത് 76,400 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 16383 മുചക്ര വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 നവംബറില്‍ ഇത് 35,409 ആയി. 1,559 ഫോര്‍ വീലറുകളാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം നവംബറില്‍ 5,376 എണ്ണമായി.

വില്‍പനയില്‍ വര്‍ധനയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വൈദ്യുത വാഹന വില്‍പന വേണ്ടത്ര വേഗത കൈവരിച്ചിട്ടില്ല. ബാറ്ററി നിര്‍മ്മാണം മുതല്‍ നിലവില്‍ വിപണിയിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇലക്ട്രിക്ക് കിറ്റ് സജ്ജീകരിക്കുന്നതിനുള്ള ഇന്‍സെന്റീവുകള്‍ വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് കമ്പനികള്‍ മുന്നോട്ട് വെക്കുന്നത്.

ഫെയിം പദ്ധതിയും ബാറ്ററിയിലെ ജിഎസ്ടിയും

വൈദ്യുത വാഹന വിപണി ഊര്‍ജ്ജിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് (ഫെയിം 2) പദ്ധതിയുടെ രണ്ടാം ഘട്ടം 2024 കഴിഞ്ഞും നീട്ടണമെന്നും വാഹനങ്ങള്‍ക്ക് മേലുള്ള ജിഎസ്ടി കുറയ്ക്കണമെന്നുമാണ് കമ്പനികളുടെ മുഖ്യ ആവശ്യങ്ങള്‍. എസിസി (അഡ്വാന്‍സ് കെമിസ്ട്രി സെല്‍) ബാറ്ററികള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കണമെന്ന് കമ്പനികള്‍ നാളുകളായി ആവശ്യപ്പെടുന്ന ഒന്നാണ്. ഇരുചക്ര വൈദ്യുതി വാഹനങ്ങളിലാണ് എസിസി ബാറ്ററികള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

ഫിനാന്‍സിംഗ് കമ്പനികള്‍ക്ക് ഇന്‍സെന്റീവ്

വാണിജ്യ- പാസഞ്ചര്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ ഫിനാന്‍സ് ചെയ്യുന്ന കമ്പനികള്‍ക്ക് (എന്‍ബിഎഫ്‌സികള്‍ ഉള്‍പ്പടെ) കേന്ദ്രത്തില്‍ നിന്നും ഇന്‍സെന്റീവ് അനുവദിച്ച് നല്‍കണമെന്നും പ്രധാന ആവശ്യമാണ്. ഇതുവഴി വായ്പാ വിതരണത്തിലുള്‍പ്പടെ വര്‍ധനവ് വരികയും വൈദ്യുതി വാഹനങ്ങളുടെ വില്‍പന ഉയരുകയും ചെയ്യും. ഇതിനൊപ്പം തന്നെയാണ് പെട്രോള്‍-ഡീസല്‍ വാഹനളില്‍ ഇലക്ട്രിക്ക് കിറ്റ് സജ്ജീകരിക്കുന്നതിനായി പ്രത്യേക ഇന്‍സെന്റീവ് നല്‍കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ബാറ്ററി നിര്‍മ്മാണം

ബാറ്ററി നിര്‍മ്മാണം എന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉള്‍പ്പടെ വൈദ്യുതി വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്ന മറ്റ് ഘടകങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഇന്‍സെന്റീവ് എന്നത് ആവശ്യമാണെന്ന് കമ്പനികള്‍ പറയുന്നു. ഇതില്‍ ബാറ്ററി പായ്ക്കുകള്‍, ബാറ്ററി സ്വാപ്പിംഗ് എക്വിപ്‌മെന്റുകള്‍, ചാര്‍ജ്ജറുകള്‍ എന്നിവ നിര്‍മ്മിക്കുന്ന എംഎസ്എംഇകളും ഉണ്ട്.

Tags:    

Similar News