2022-23: ഇലക്ട്രിക് ടൂ വീലര്‍ വില്‍പ്പനയിലുണ്ടായത് രണ്ടര മടങ്ങ് വളര്‍ച്ച

  • സബ്‌സിഡികള്‍ പിടിച്ചുവെക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു
  • ഹൈ സ്പീഡ് ഇ- ടൂ വീലര്‍ വിഭാഗത്തില്‍ 7,26,976 യൂണിറ്റുകളുടെ വില്‍പ്പന

Update: 2023-04-10 11:57 GMT

രാജ്യത്തെ ഇലക്ട്രിക് ടൂ വീലറുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ (എസ്എംഇവി) റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര മടങ്ങ് വര്‍ധനയോടെ, 2022-23ല്‍ ഇന്ത്യയിലെ ഇലക്ട്രിക് ടു വീലര്‍ വില്‍പ്പന 8,46,976 യൂണിറ്റുകളിലേക്കെത്തി. 2021-22ല്‍ 3,27,90 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്.

ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുള്ള വിഭാഗത്തില്‍ 1.2 ലക്ഷം ഇ- ടൂ വീലറുകളാണ് വിറ്റത്. ഹൈ സ്പീഡ് ഇ- ടൂ വീലര്‍ വിഭാഗത്തില്‍ 7,26,976 യൂണിറ്റുകളുടെ വില്‍പ്പനയും നടന്നു. 2021-22ല്‍, കുറഞ്ഞ വേഗതയുള്ള ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പന 75,457 യൂണിറ്റും ഉയര്‍ന്ന വേഗതയുള്ള ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പന 2,52,443 യൂണിറ്റും മാത്രമായിരുന്നു. വില്‍പ്പന ഉയര്‍ന്നെങ്കിലും ഇ-ടൂവീലറുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് നിതി ആയോഗ് നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ 25 ശതമാനം താഴെയാണ് നേടാനായത്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സബ്‌സിഡികള്‍ പിടിച്ചുവെക്കപ്പെട്ടത് വില്‍പ്പനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എസ്എംഇവി ചൂണ്ടിക്കാണിക്കുന്നു.

പ്രദേശികവത്കരണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി 1200 കോടിയോളം രൂപയുടെ സബ്‌സിഡിയാണ് പിടിച്ചുവെക്കപ്പെട്ടിട്ടുള്ളത്. ഇതിനകം ഉപഭോക്താക്കളിലേക്ക് കൈമാറിക്കഴിഞ്ഞ ആനുകൂല്യമാണിത്. മാനദണ്ഡങ്ങളെ മറികടക്കുന്നതിനായി ഇന്‍വോയ്‌സ് തയാറാക്കി എന്ന ആരോപണങ്ങളുടെ ഫലമായി കമ്പനികള്‍ക്കു ലഭിക്കേണ്ട മറ്റൊരു 400 കോടി രൂപയും മുടങ്ങിക്കിടക്കുകയാണ്. ഉപഭോക്തൃ ആവശ്യകത മികച്ച നിലയില്‍ തുടരുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ കമ്പനികളുടെ മൂലധന ചെലവിടലിനെ ബാധിക്കുന്നുവെന്നും എസ്എംഇവി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടായാല്‍ മാത്രമേ നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള ശരിയായ ആസൂത്രണം സാധ്യമാകൂവെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട 16 കമ്പനികളും അതിനായി കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

2030ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 80 ശതമാനത്തോളം ഇ-വാഹനങ്ങളാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5 ശതമാനം മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ ലക്ഷ്യം നേടുക ദുഷ്‌കരമായിരിക്കുമെന്നും തിരുത്തല്‍ നടപടികളുണ്ടാകണമെന്നും എസ്എംഇവി ഡയറക്റ്റര്‍ ജനറല്‍ സൊഹിന്ദര്‍ ഗില്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News