താങ്ങുവില: കര്‍ഷകര്‍ക്ക് 35,000 കോടി രൂപയുടെ നേട്ടം

  • കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി
  • കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ വില നല്‍കുക ലക്ഷ്യം

Update: 2024-06-19 16:29 GMT

നെല്ല്, റാഗി, ബജ്റ, ജോവര്‍, ചോളം, പരുത്തി എന്നിവയുള്‍പ്പെടെ 14 ഖാരിഫ് സീസണ്‍ വിളകള്‍ക്ക് കേന്ദ്രമന്ത്രിസഭ മിനിമം താങ്ങുവില (എംഎസ്പി) പ്രഖ്യാപിച്ചു. ഇത് സര്‍ക്കാരിന് രണ്ട് ലക്ഷം കോടി രൂപയുടെ അധികച്ചെലവ് സൃഷ്ടിക്കും. അതേസമയം കര്‍ഷകര്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 35,000 കോടി രൂപയുടെ നേട്ടമുണ്ടാവുകയും ചെയ്യും.

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള നിരവധി തീരുമാനങ്ങളിലൂടെ മാറ്റങ്ങളോടെയുള്ള തുടര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേം വളരെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ രണ്ട് ടേമുകളും സാമ്പത്തിക വളര്‍ച്ചയുടെ ശക്തമായ അടിത്തറയിട്ടിട്ടുണ്ടെന്നും ജനങ്ങളുടെ പ്രയോജനത്തിനായി മൂന്നാം ടേമില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

14 ഖാരിഫ് സീസണിലെ വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് എംഎസ്പിയായി ഒരു ലക്ഷം കോടിയോളം രൂപ ലഭിക്കും. കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ വില നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആ ലക്ഷ്യത്തിനനുസരിച്ചാണ് തീരുമാനങ്ങളെന്നും മന്ത്രി പറഞ്ഞു.

എണ്ണക്കുരുക്കള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന സമ്പൂര്‍ണ വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Tags:    

Similar News