പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ വികസിപ്പക്കണമെന്ന് ഇന്ത്യ
- ഭക്ഷ്യസുരക്ഷയും പോഷണവും ഉറപ്പുവരുത്തുന്നതിന് പദ്ധതികള്‍
- ചെറുകിട മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് പ്രത്യേകമായ പദ്ധതി നടപ്പാക്കണം
പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍. ബ്രസീലിലെ കുയാബയില്‍ നടന്ന ജി 20 കാര്‍ഷിക മന്ത്രിതല യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷയില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വര്‍ധിച്ച സംഭാവനകളും യോഗത്തില്‍ ഇന്ത്യ ഊന്നിപ്പറഞ്ഞു.
'ഞങ്ങളുടെ സമീപനം ഉല്‍പ്പാദനക്ഷമതയില്‍ മാത്രമല്ല, സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സുസ്ഥിരത ഉറപ്പുവരുത്തുകയും കര്‍ഷകരുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും വികസനത്തിനായുള്ള സമഗ്രമായ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു,' ഒരു ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷയും പോഷണവും ഉറപ്പുവരുത്തുന്നതിനായി 'ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-അധിഷ്ഠിത സുരക്ഷാ പദ്ധതികള്‍' ഇന്ത്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് ചെറുകിട നാമമാത്ര മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് പ്രത്യേകവും വ്യത്യസ്തവുമായ പദ്ധതിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള വ്യാപാര ചര്‍ച്ചകളില്‍ അവരുടെ ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കുന്നതിന് ഇത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി20 യോഗം നാല് പ്രധാന മുന്‍ഗണനാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃഷിയുടെയും ഭക്ഷ്യ സംവിധാനങ്ങളുടെയും സുസ്ഥിരത; ഭക്ഷ്യ സുരക്ഷയില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ സംഭാവന വര്‍ധിപ്പിക്കുക എന്നിവയും കുടുംബ കര്‍ഷകര്‍, ചെറുകിട ഉടമകള്‍, തദ്ദേശീയ സമൂഹങ്ങള്‍ എന്നിവരുടെ പങ്ക് ഉയര്‍ത്തുക എന്നതും ഇതില്‍ പെടുന്നു. കൂടാതെ സുസ്ഥിര മത്സ്യബന്ധനത്തെയും മത്സ്യകൃഷിയെയും മൂല്യ ശൃംഖലകളിലേക്ക് സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ചര്‍ച്ചാ വിഷയമായി.
മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കാര്‍ഷിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി താക്കൂര്‍ ഉഭയകക്ഷി യോഗങ്ങള്‍ നടത്തി. ആഗോള ഭക്ഷ്യ സമ്പ്രദായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.