മത്സ്യബന്ധനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഡ്രോണുകൾ
- മത്സ്യമേഖലയില്‍ മുന്നേറ്റത്തിന് കളമൊരുക്കി ഡ്രോണ്‍ സകാങ്കേതികവിദ്യ
- മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ബോധവല്‍കരണ ശില്‍പശാല സംഘടിപ്പിക്കുന്നു
- ആവശ്യാനുസരണം ഫാമുകളില്‍ നിന്ന് ജീവനുള്ള മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും ഡ്രോണ്‍ സഹായിക്കും
സമുദ്രമത്സ്യ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഡ്രോണ്‍ ഉപയോഗത്തിന് കളമൊരുങ്ങുന്നു. കൂടുമത്സ്യകൃഷി, കടല്‍ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടര്‍വാട്ടര്‍ ഇമേജിംഗ്, ജലാശയ മാപ്പിംഗ് തുടങ്ങിയവക്കായി ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും സംയുക്ത ദൗത്യം.
കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) എന്നിവര്‍ സംയുക്തമായാണ് ഡ്രോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി, നവംബര്‍ 8ന് വെള്ളിയാഴ്ച സിഎംഎഫ്ആര്‍ഐയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ബോധവല്‍കരണ ശില്‍പശാലയും ഡ്രോണ്‍ ഉപയോഗ പ്രദര്‍ശനവും നടക്കും. രാവിലെ 11ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദഘാടനം ചെയ്യും.
കടലിലെ കൂടുമത്സ്യകൃഷി മുതല്‍ സമുദ്രആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചിലവും കുറച്ച് കൂടുതല്‍ കുറ്റമറ്റതാക്കി മാക്കാന്‍ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. മത്സ്യമേഖലയിലുള്ളവര്‍ക്കിടയില്‍ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവല്‍കരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുകളില്‍ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെന്‍സറുകള്‍ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പിശോധന തുടങ്ങിയവ എളുപ്പമാക്കും. മാത്രമല്ല, ആവശ്യാനുസരണം മത്സ്യകൃഷി ഫാമുകളില്‍ നിന്ന് ജീവനുള്ള മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും ഡ്രോണ്‍ ഉപയോഗം സഹായിക്കും.
പൊക്കാളി പാടങ്ങളില്‍ വിത്ത് വിതക്കാനും തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാന്‍ അടിയന്തിര ഘട്ടങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും.
മാത്രമല്ല, കടലില്‍ ഉപരിതലമത്സ്യങ്ങള്‍ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീന്‍പിടുത്തം എളുപ്പമാക്കാനും ഡ്രോണ്‍ ഉപയോഗം അവസരമൊരുക്കും.
ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ വിശദീകരിക്കുന്ന ബോധവല്‍കരണ ശില്‍പശാലയിലും പ്രദര്‍ശനത്തിലും മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.