ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ആനുകൂല്യം വര്‍ധിപ്പിക്കണം
- ആനുകൂല്യം ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്
- സര്‍ക്കാര്‍ കാര്‍ഷിക വായ്പാ ലക്ഷ്യങ്ങള്‍ 15% കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്കുകള്‍
ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശയിളവ് വര്‍ധിപ്പിക്കണമെന്ന് ബാങ്കുകള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു, ഇക്കാര്യം അറിയാവുന്ന ആളുകള്‍ പറഞ്ഞു. നിലവില്‍, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകളില്‍ 1.5% പലിശ ഇളവ് വായ്പക്കാര്‍ക്ക് ലഭിക്കുന്നു. ആനുകൂല്യം 2% ആയി ഉയര്‍ത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇക്കാര്യം ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞമാസം ചര്‍ച്ച ചെയ്തിരുന്നു.
2022-ല്‍, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കുള്ള പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്‌കീമിന് കീഴില്‍ 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപ അധിക ബജറ്റ് വിഹിതം ആവശ്യമായി വരുമെന്നായിരുന്നു കണക്കുകള്‍.
പുനഃസ്ഥാപനം കാര്‍ഷിക മേഖലയില്‍ മതിയായ വായ്പാ ഒഴുക്ക് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
''സര്‍ക്കാര്‍ കാര്‍ഷിക വായ്പാ ലക്ഷ്യങ്ങള്‍ 15% കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ സബ്വെന്‍ഷന്‍ പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള ശരിയായ സമയമാണിത്,'' ബാങ്ക് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
2023-24 ല്‍, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ടേം ലോണുകളും വിള വായ്പകളും ആയി 24.84 ലക്ഷം കോടി രൂപ വിതരണം ചെയ്തു, മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15% കൂടുതലാണ്.
പരിഷ്‌ക്കരിച്ച പലിശ സബ്വെന്‍ഷന്‍ സ്‌കീം, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെ കൃഷിയിലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് 7% വാര്‍ഷിക പലിശയില്‍ ഹ്രസ്വകാല വായ്പ നല്‍കുന്നു. വായ്പകള്‍ വേഗത്തിലും സമയബന്ധിതമായും തിരിച്ചടയ്ക്കുന്നതിന് കര്‍ഷകര്‍ക്ക് 3% അധിക സബ്വെന്‍ഷനും (പെട്ടെന്നുള്ള തിരിച്ചടവ് ഇന്‍സെന്റീവ്) നല്‍കുന്നു.