ഇനി ലൈസന്‍സില്ലാതെ ഭൂട്ടാനിലെ ഉരുളക്കിഴങ്ങുകള്‍ വരും
- ഒരു വര്‍ഷത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്
- കഴിഞ്ഞവര്‍ഷം ഭൂട്ടാനില്‍ നിന്നുള്ള പൊട്ടറ്റോ ഇറക്കുമതി 1.02 മില്യണ്‍ ഡോളറിന്റേത്
- വ്യവസ്ഥയില്ലാതെ 17,000 മെട്രിക് ടണ്‍ അടയ്ക്ക ഇറക്കുമതിക്കും തീരുമാനം
2024 ജൂണ്‍ വരെ കൂടുതല്‍ ലൈസന്‍സില്ലാതെ ഭൂട്ടാനില്‍ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. ഇതിനുള്ള അനുമതി ഈവര്‍ഷം ജൂണ്‍ 30 വരെയായിരുന്നു നല്‍കിയിരുന്നത്.
''2024 ജൂണ്‍ 30 വരെ ഇറക്കുമതി ലൈസന്‍സില്ലാതെ ഭൂട്ടാനില്‍ നിന്ന് ഉരുളക്കിഴങ്ങിന്റെ ഇറക്കുമതി അനുവദനീയമാണ്,'' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഒരു വിജ്ഞാപനത്തില്‍ പറഞ്ഞു. പുതിയതോ ശീതീകരിച്ചതോ ആയ ഉരുളക്കിഴങ്ങിന്റെ ഇറക്കുമതി 2022-23ല്‍ 1.02 മില്യണ്‍ ഡോളറിന്റേതായിരുന്നു.
ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ ഇറക്കുമതി വില (എംഐപി) വ്യവസ്ഥയില്ലാതെ 17,000 മെട്രിക് ടണ്‍ അടയ്ക്ക (പച്ച) ചാമൂര്‍ച്ചി വഴി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുമെന്ന് ഡിജിഎഫ്ടി പ്രത്യേക വിജ്ഞാപനത്തില്‍ പറഞ്ഞു. ജല്‍പായ്ഗുരി ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചാമൂര്‍ച്ചി. ഭൂട്ടാന്‍ അതിര്‍ത്തിയോട് അടുത്താണ് ഇത്.
കൂടാതെ, ഒരു വ്യാപാര അറിയിപ്പില്‍, മറ്റ് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളെ അടിസ്ഥാനമാക്കി മാനുഷികവും ഭക്ഷ്യസുരക്ഷാ കാരണങ്ങളാലും ബ്രോക്കന്‍ റൈസ് കയറ്റുമതി ചയ്യുന്നതിനുള്ള ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടിക്രമം ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
സെനഗല്‍, ഗാംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ബ്രോക്കന്‍ റൈസ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറ് വരെ നീട്ടിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഏതെങ്കിലും അപേക്ഷകനോ ഏതെങ്കിലും അപേക്ഷകനോ അനുവദിച്ച ക്വാട്ട അതത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കുകയും ചെയ്യും. അപേക്ഷകനെതിരെയും കേസെടുക്കും.
1992 ലെ ഫോറിന്‍ ട്രേഡ് (വികസനവും നിയന്ത്രണവും) നിയമം അനുസരിച്ചാണ് വിദേശ വ്യാപാരം നടക്കുന്നത്.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇന്ത്യയില്‍ ചില വസ്തുക്കളുടെ വില ക്രമാതീതമായി ഉയരാതിരിക്കാനും ലക്ഷ്യമിട്ടാണ് മേല്‍പറഞ്ഞ പൊട്ടറ്റോ ഇറക്കുമതി ഒരു വര്‍ഷത്തേക്കുകൂടി ലൈസന്‍സില്ലാതെ തുടരുന്നതിന് തീരുമാനിച്ചത്. കൂടാതെ ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഭൂട്ടാനില്‍ നിന്ന് ഉരുളക്കിഴങ്ങിന്റെ ഇറക്കുമതി ഉയര്‍ന്ന തോതിലുള്ളതാണ്. അത് നഷ്ടമായാല്‍ അവര്‍ വേറെ മാര്‍ക്കറ്റ് കണ്ടുപിടിച്ചേക്കാം. പക്ഷേ ഇന്ത്യക്ക് അത് ക്ഷീണമാണ്. തന്നെയുമല്ല ഇന്ത്യ ഭൂട്ടാന്‍ വിപണിയില്‍ നിന്ന് പിന്‍മാറിയാല്‍ ചൈന അവിടെയും മേല്‍ക്കൈ നേടും. അതിനൈതിരെയുള്ള നീക്കം കൂടിയാണിത്.