മഴ കളം പിടിക്കാന്‍ സമയമെടുക്കും; ആശങ്കയില്‍ കര്‍ഷകര്‍

  • മഴ വ്യാപിക്കുന്നതിനും തടസമായി ബിപര്‍ജോയ് ചുഴലിക്കാറ്റ്
  • ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ ബാധിക്കും
  • പ്രധാന മണ്‍സൂണ്‍ മേഖല ഇപ്പോഴും വരണ്ടുകിടക്കുന്നു

Update: 2023-06-13 06:35 GMT

ഇന്ത്യയിൽ അടുത്ത നാലാഴ്ചയ്ക്കുള്ളിൽ മൺസൂൺ പരിമിതമായ അളവില്‍ തന്നെ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതറിന്‍റെ റിപ്പോര്‍ട്ട്. ഇത് കാർഷികമേഖലയിലെ ഉല്‍പ്പാദനത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്."അടുത്ത നാലാഴ്ചത്തേക്ക്, ജൂലൈ 6 വരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ ദുര്‍ബലമായിരിക്കുമെന്ന കാഴ്ച്ചപ്പാടാണ് എക്‌സ്റ്റെൻഡഡ് റേഞ്ച് പ്രെഡിക്ഷൻ സിസ്റ്റം (ഇആർപിഎസ്) നല്‍കുന്നത്. രാജ്യത്തെ കാർഷിക മേഖലകള്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വയല്‍ തയാറാക്കുകയും വിതയ്ക്കുകയോ ചെയ്യേണ്ട സമയമാണ് വരുന്നത്," റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഇത്തവണ ഒരാഴ്ചയോളം വൈകി ജൂണ്‍ 8-നാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്തെത്തിയത്. അറബിക്കടലിൽ വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റാണ് കേരളത്തിൽ മൺസൂൺ എത്തുന്നതിനെ വൈകിച്ചത്. ഇപ്പോള്‍ മഴ വ്യാപിക്കുന്നതിനെ പരിമിതപ്പെടുത്തുന്നതും ഈ ചുഴലിക്കാറ്റാണ്. രാജ്യത്തിന്‍റെ പ്രധാന മണ്‍സൂണ്‍ മേഖലയായി കണക്കാക്കുന്ന മധ്യ, പടിഞ്ഞാറൻ മേഖലകള്‍ മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ മതിയായ മഴ ലഭിക്കാതെ വരണ്ടു കിടക്കുന്നത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ ഇത്തവണ കാര്‍ഷിക മേഖല അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സ്കൈമെറ്റ് നല്‍കുന്നത്.

മൺസൂൺ മഴ സാധാരണയായി ജൂൺ 15-നകം മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയും ഈ മേഖലകളിലേക്ക് മഴ എത്തിയിട്ടില്ല. നിലവിൽ, മൺസൂണിന്‍റെ പ്രകടമായ സാന്നിധ്യം കാണുന്നത് രാജ്യത്തിന്‍റെ വടക്കുകിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ മാത്രമാണ്. മണ്‍സൂണിനെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ചലനങ്ങളൊന്നും സമീപഭാവിയില്‍ ഉരുത്തിരിയുന്ന ലക്ഷണമില്ലെന്നും സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇത്തവണ മൺസൂൺ ആരംഭം ദുർബലമായ തരത്തിലും വൈകിയുള്ളതും ആകുമെന്ന് നേരത്തേ തന്നെ സ്കൈമെറ്റ് വിലയിരുത്തിയിരുന്നു.  മണ്‍സൂണ്‍ വൈകുന്നതിന്‍റെ ഫലമായി, പ്രധാന ഖാരിഫ് വിളകളുടെ വിതയ്ക്കല്‍ വൈകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും സമ്പദ്‍വ്യവസ്ഥയെയും സംബന്ധിച്ച് വലിയ പ്രാധാന്യമാണ് തെക്കു പടിഞ്ഞാറന്‍ മൺസൂണിന് കല്‍പ്പിക്കപ്പെടുന്നത്. ദുര്‍ബലമായ മണ്‍സൂണ്‍ ഗ്രാമീണ വരുമാനത്തിനും ഉപഭോഗത്തിനും സാമ്പത്തിക വളർച്ചയ്ക്കും മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതോ ഗ്രാമീണ ഉപഭോഗത്തെ വലിയ തോതില്‍ ആശ്രയിക്കുന്നതോ ആയ കമ്പനികള്‍ക്കും ഇത് തിരിച്ചടിയാകും. 

ജൂൺ-സെപ്റ്റംബർ സീസണിലെ മഴ ദീർഘകാല ശരാശരിയുടെ (എൽപിഎ) 94% ആയിരിക്കുമെന്നാണ് സ്‍കൈമെറ്റ് വിലയിരുത്തുന്നത്. അതേസമയം നാല് മാസത്തെ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ നിഗമനം. ദീർഘകാല ശരാശരിയുടെ 96% മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിലവിലെ വിലയിരുത്തല്‍. മൺസൂൺ സാധാരണ നിലയിലാകുന്നതിന് 35% സാധ്യതയും, സാധാരണയിൽ താഴെയായിരിക്കാൻ 29% സാധ്യതയും, മഴയില്‍ കുറവുണ്ടാകാൻ 22% സാധ്യതയും, മൺസൂൺ സാധാരണയേക്കാൾ കൂടുതലാകാൻ 11% സാധ്യതയുമാണുള്ളതെന്നും മഴയില്‍ ആധിക്യം ഉണ്ടാകാനുള്ള സാധ്യത 3% മാത്രമാണെന്നും വകുപ്പ് വിലയിരുത്തുന്നു. 

Tags:    

Similar News