എല്‍ നിനോ മുന്നറിയിപ്പ്: കാര്‍ഷിക വായ്പാ തിരിച്ചടവിനെ ബാധിച്ചേക്കും, ബാങ്കുകള്‍ ആശങ്കയില്‍
- എല്‍ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചാല്‍ കടം എഴുതിതള്ളുന്നത് പോലുള്ള നടപടികള്‍ കേന്ദ്രത്തിന് സ്വീകരിക്കേണ്ടതായി വരും.
ഡെല്‍ഹി: എല്‍ നിനോ പ്രതിഭാസം മൂലം ഇന്ത്യയിലും പലവിധത്തിലുള്ള തിരിച്ചടികളുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ കാര്‍ഷിക വായ്പകളുടെ തിരിച്ചടിനെയുള്‍പ്പടെ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോതപാദനം കുറയുന്നത് മുതല്‍ പണപ്പെരുപ്പം രൂക്ഷമായേക്കാവുന്ന സാഹചര്യം വരെയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഏതാനും ദിവസം മുന്‍പ് സൂചിപ്പിച്ചിരുന്നു. രാജ്യത്തെ കാര്‍ഷിക വായ്പാ വിതരണത്തിന്റെ അളവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്നു നില്‍ക്കുന്നത് മൂലം ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ വരെ ഇപ്പോള്‍ ആശങ്കയിലാണ്.
എല്‍ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചാല്‍ കടം എഴുതിതള്ളുന്നത് പോലുള്ള നടപടികള്‍ കേന്ദ്രത്തിന് സ്വീകരിക്കേണ്ടതായി വരും. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ട് തന്നെ കടം എഴുതിതള്ളുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് അനുകൂമാല നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ള. ഇത് ധനകാര്യ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നത് സംശയമില്ലാത്ത ഘടകമാണ്.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ കാര്‍ഷിക വായ്പാ വിതരണവുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തികളുടെ അളവ് വര്‍ധിച്ച് വരുന്നതും ബാഡ് ലോണുകള്‍ (തിരിച്ചടവ് നടത്താത്ത വായ്പകള്‍) സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നതും ഈ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ പക്കലുള്ള നിഷ്‌ക്രിയ ആസ്തിയുടെ അളവ് 11.6 ശതമാനമായിരുന്നു. 2020ല്‍ ഇത് 15.9 ശതമാനമായി ഉയര്‍ന്നു.
ആര്‍ബിഐ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2022 സെപ്റ്റംബറില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തിരിച്ചടവ് നടത്താത്ത വായ്പകളുടെ അളവ് ആകെ വിതരണം ചെയ്തവയുടെ 8.6 ശതമാനമായി ഉയര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. എല്‍ നിനോ പ്രതിഭാസം രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചാല്‍ ഇത് ഇനിയും ഉയരും. 1994 മുതല്‍ ഇന്ത്യയില്‍ ഏഴ് തവണയാണ് എല്‍നിനോ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എല്‍ നിനോ എന്നാല്‍
ആഗോളതലത്തില്‍ കൊടും വരള്‍ച്ച മുതല്‍ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയ്‌ക്കൊക്കെ കാരണമാകുന്ന പ്രതിഭാസമാണ് എല്‍ നിനോ എന്നത്. പസഫിക്ക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റമാണ് എല്‍ നിനോ എന്ന പ്രതിഭാസത്തിന് പിന്നില്‍. സാധാരണയായി കിഴക്ക് നിന്നും പടിഞ്ഞാറാ ഭാഗത്തേക്കാണ് കാറ്റുവീശുന്നത് (ഭൂമിയുടെ ഭ്രമണത്തിന്റെ ഭാഗമായി). എന്നാല്‍ എല്‍ നിനോയുടെ ഫലമായി ഇത്തരത്തില്‍ പടിഞ്ഞാറേയ്ക്ക് വീശുന്ന വാണിജ്യവാതകങ്ങള്‍ ദുര്‍ബലമാകും.
ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം ബാധിക്കുക വരള്‍ച്ചയായിട്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് തന്നിരിക്കുന്നത്. 2015ല്‍ എല്‍ നിനോയുടെ ഫലമായി മഴയുടെ ലഭ്യതയില്‍ 14 ശതമാനം കുറവുണ്ടായിരുന്നു. ഇത് ഖാരിഫ് വിളകളുടെ ഉത്പാദനത്തില്‍ 2-3 ശതമാനം വരെ കുറവുണ്ടാകുന്നതിന് കാരണമായി.