കുറഞ്ഞ നിരക്കില്‍ യൂറിയ ഉത്പാദനം സാധ്യമാക്കാന്‍ കേന്ദ്രം
- ലോകത്ത് ഏറ്റവുമധികം വളം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഡെല്‍ഹി: കുറഞ്ഞ നിരക്കില്‍ യൂറിയ ഉത്പാദനം സാധ്യമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ ചെലവില്‍ യൂറിയ നിര്‍മ്മിക്കുന്നത് സബ്‌സിഡി ബില്ലിലും പ്രതിഫലിക്കും. ഇത്തരത്തിലുള്ള യൂറിയ ഉത്പാദനം സംബന്ധിച്ച് പുതിയ ചട്ടം സൃഷ്ടിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതരും കമ്പനി വക്താക്കളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.
വളം ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളിലെ ആവശ്യങ്ങള്‍ക്കായി ഗ്യാസ് വാങ്ങുന്ന പ്രക്രിയയില്‍ മാറ്റം വരുത്താനും കേന്ദ്രം ശ്രമിക്കുന്നുണ്ട്. വളം കമ്പനികളില്‍ ഗ്യാസ് വാങ്ങുന്നത് സംബന്ധിച്ചുള്ള നയങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ പരിഷ്‌ക്കരിച്ചിരുന്നു. ഇത് വഴി കമ്പനികള്‍ക്ക് ആവശ്യമായി വരുന്ന ഗ്യാസിന്റെ അഞ്ചിലൊന്നും ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
ലോകത്ത് ഏറ്റവുമധികം വളം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യയാണ് ലോകത്ത് ഏറ്റവുമധികം വളം കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ ചെറുകിട വളം ഉത്പാദന കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ഒരു നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തുകയും ബാക്കി തുക കമ്പനികള്‍ക്ക് സബ്‌സിഡിയായി നല്‍കുന്ന രീതിയാണ് ഇന്ത്യയിലുള്ളത്.
ആഗോളതലത്തിലുണ്ടാകുന്ന വളത്തിന്റെ വിലയിലെ ചാഞ്ചാട്ടം കര്‍ഷകരെയുള്‍പ്പടെ പ്രതിസന്ധിയിലാക്കാറുണ്ടായിരുന്നു. എന്നാല്‍ സബ്‌സിഡി നല്‍കുന്നത് വഴി ഈ പ്രതിസന്ധിയ്ക്ക് തടയിടാന്‍ സര്‍ക്കാരിന് സാധിച്ചു. രാജ്യത്തെ വളം സബ്‌സിഡി ബില്‍ നടപ്പ് സാമ്പത്തികവര്‍ഷം 2.25 ലക്ഷം കോടി രൂപ ആയേക്കുമെന്നും കഴിഞ്ഞ വര്‍ഷം ഇത് 1.5 ലക്ഷം കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.