അതിവേഗത്തില്‍ പടര്‍ന്നു കയറി കുരുമരുളക് വില, ആഹ്ലാദമില്ലാതെ കര്‍ഷകര്‍

  • പ്രതികൂല കാലവസ്ഥയില്‍ വരാനിരിക്കുന്ന സീസണിലും ഉത്പാദനം കുറയും

Update: 2023-07-26 08:15 GMT

കുരുമുളക് വില അതിവേഗത്തിലാണ് കത്തിക്കയറുന്നത്. കുറച്ച് ദിവസങ്ങളിലെ നിശ്ചലാവസ്ഥയില്‍ നിന്നും കുരുമുളക് കുടഞ്ഞെണീറ്റിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പത് രൂപയാണ് വര്‍ദ്ധിച്ചത്. നടപ്പ് വര്‍ഷത്തെ ഏറ്റവും ശക്തമായ മുന്നേറ്റത്തിലാണ് കുരുമുളക് വില്‍പ്പന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്വിന്റലിന് 5000 രൂപ വരെ വില വര്‍ധിച്ച് കഴിഞ്ഞു.

അപ്രതീക്ഷിത വിലക്കയറ്റത്തില്‍ വിപണിയെ ഞെട്ടിയെങ്കിലും ഉത്പന്ന ലഭ്യത കുറയാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട്. വില ഉയര്‍ന്നതോടെ വില്‍പ്പനയ്ക്ക് വരുന്ന ചരക്കില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ 152 ടണ്‍ കുരുമുളക് വില്‍പ്പന്ക്ക് എത്തിയ സ്ഥാനത്ത് വില വര്‍ദ്ധന പ്രകടമായതോടെ 131 ടണ്ണായി വരവ് കുറഞ്ഞു. നിരക്ക് ഇനിയും വര്‍ധിച്ചുമെന്നാണ് വിപണി വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 20 രൂപ വര്‍ധിച്ചിരുന്നു. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോഗ്രാമിന് 550 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഗാര്‍ബിള്‍ഡിന് 570 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6800 ഡോളറിലേയ്ക്ക് അടുത്തു. അതേസമയം ബ്രസീല്‍ മുളകിന് വില 3,500 ഡോളര്‍ മാത്രമാണ്. വിയറ്റ്നാം മുളകിന് 3,600 ഡോളറും ഇന്‍ഡൊനീഷ്യന്‍ മുളകിന് 3,800 ഡോളറുമാണ് വില.

അടുത്ത വര്‍ഷത്തെ ഉത്പാദനം വലിയ രീതിയില്‍ കുറയുമെന്ന പ്രചാരണത്തെ തുടര്‍ന്ന് മസാലക്കമ്പനികള്‍ വന്‍തോതില്‍ കുരുമുളക് ശേഖരിച്ചിരുന്നു. ഡെല്‍ഹി, ഇന്‍ഡോര്‍, ജയ്പൂര്‍ മേഖലകളിലെ വന്‍ കിട വ്യവസായികളും മസാല വ്യവസായികളുമാണ് ചരക്ക് സംഭരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. മാത്രമല്ല കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉത്പാദനത്തില്‍ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വടക്കേ ഇന്ത്യന്‍ ലോബിയാണ് കുരുമുളക് വിലവര്‍ധനവിന് പിന്നിലുള്ളതെന്നാണ് കേരളത്തിലെ കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാന കുരുമുളക് ഉത്പാദക രാജ്യങ്ങളായ ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ കുരുമുളക് വില വര്‍ദ്ധിപ്പിച്ചതിനാല്‍ ഇവിടങ്ങളില്‍ നിന്നും ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയിലെ ഈ കുതിച്ചു ചാട്ടത്തിന് കാരണം.

ഉത്സാഹമില്ലാതെ കര്‍ഷകര്‍

വിപണിയില്‍ വില വര്‍ധിക്കുന്നുണ്ടെങ്കിലും കുരുമുളക് വിളവെടുപ്പ് മുന്‍പേ കഴിഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് ഇപ്പോഴുള്ള പ്രതിഭാസത്തില്‍ നിന്ന് കാര്യമായ ലാഭം ലഭിക്കുന്നില്ല. കാരണം ഇടക്കാലത്ത് വില അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ഇതിനോടകം പലരും ഉത്പന്നം വിറ്റഴിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വില്‍ക്കാതെ വച്ച പലരും ഇനിയും വില ഉയരുമെന്ന പ്രതീക്ഷയില്‍ വില്‍ക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഉത്സവ സീസണ്‍ വരുന്നതോടെ വീണ്ടും വില ഉയരുമെന്നാണ് അവരുടെ പ്രതീക്ഷ.

കേരളത്തില്‍ കുരുമുളക് കൃഷി കാര്യമായി നടക്കുന്നത് ഇടുക്കി വയനാട് ജില്ലകളിലാണ്. കഴിഞ്ഞ സീസണില്‍ കുരുമുളക് ഉത്പാദനം കുറവായിരുന്നു. കടുത്ത വേനലും പീന്നിടുണ്ടായ മഴയും കുരുമുളക് ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. കുരുമുളകിന് രോഗ ബാധയും തൂക്കക്കുറവിന് കാരണമായി. സങ്കരയിനം കുരുമുളകുകളാണ് ഇപ്പോള്‍ കൂടുതലും കൃഷി ചെയ്യുന്നത് ഇവയ്ക്ക് പ്രതിരോധ ശേഷി കുറവുള്ളതായി കര്‍ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഇത്തവണയുണ്ടായ ശക്തമായ മണ്‍സൂണില്‍ വ്യാപക കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വരാനിരിക്കുന്ന വിളവെടുപ്പില്‍ ഉത്പാദനത്തെ ഗണ്യമായി കുറയ്ക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കുരുമുളക് വിളവെടുപ്പ് നടക്കുന്നത്.

Tags:    

Similar News