കുതിക്കുന്ന തക്കാളിവിലയ്ക്ക് മൂക്കുകയറിടാന്‍ ആന്ധ്രാ പ്രദേശ്

  • കര്‍ഷക ബസാറുകളില്‍ തക്കാളി കിലോയ്ക്ക് 50രൂപ
  • ആന്ധ്രയിലെ പൊതുമാര്‍ക്കറ്റില്‍ തക്കാളി വില സെഞ്ച്വറികടന്നു
  • പ്രതിദിനം 50 ടണ്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

Update: 2023-07-02 06:12 GMT

പൊതുമാര്‍ക്കറ്റില്‍ തക്കാളിവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ആശ്വാസ നടപടികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 103 റൈതു ബസാറുകളില്‍ തക്കാളി കിലോയ്ക്ക് 50രൂപ നിരക്കില്‍ നല്‍കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് വകുപ്പ് ആയിരിക്കും ഈ വില്‍പ്പന നടത്തുക. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കര്‍ഷകരുടെ മാര്‍ക്കറ്റാണ് റൈതു ബസാര്‍. അതാത് സംസ്ഥാന സര്‍ക്കാരുകളാണ് ഇത് നടത്തുന്നത്.

''തക്കാളിവില കുതിച്ചുയരുന്നതിന് മറുപടിയായി, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇത് ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലക്ക് ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്', സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തക്കാളിവില കിലോയ്ക്ക് 100 രൂപയില്‍ എത്തിയതോടെ സംസ്ഥാനത്തെ 103 റൈതു ബസാറുകളില്‍ കിലോയ്ക്ക് 50 രൂപ നിരക്കില്‍ തക്കാളി വില്‍പ്പന ആരംഭിച്ചിരിക്കുകയാണ് കാര്‍ഷിക വിപണന വകുപ്പ്. മിതമായ നിരക്കില്‍ തക്കാളിയുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ അവശ്യ പച്ചക്കറിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കിക്കൊണ്ട് പ്രതിദിനം 50 ടണ്‍ തക്കാളി സംഭരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് വകുപ്പ് എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വില സിഎംഎപിപി (കാര്‍ഷിക വിലകളുടെയും സംഭരണത്തിന്റെയും തുടര്‍ച്ചയായ നിരീക്ഷണം) വഴി എല്ലാ റൈതു കേന്ദ്രങ്ങളിലും ദൈനംദിന അടിസ്ഥാനത്തില്‍ പരിശോധിച്ചുവരികയാണ്.

വില കുറയുമ്പോഴെല്ലാം കര്‍ഷകരില്‍ നിന്ന് എംഎസ്പി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടക്കുന്നു.

സമയോചിതമായ ഇടപെടലുകള്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ലഭിക്കുന്നതിനും വിപണി സുസ്ഥിരമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പച്ചക്കറികള്‍ക്ക് നല്ല വില ഉറപ്പാക്കുന്നതിന് സംസ്ഥാനത്തുടനീളമുള്ള റൈതു ബസാറുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്.

'തക്കാളി വിലക്കയറ്റം വീടുകളില്‍ ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞ്, സര്‍ക്കാര്‍ ഇതുവരെ ഏകദേശം 100 ടണ്‍ തക്കാളി സംഭരിച്ചിട്ടുണ്ട്. ഇതാണ് വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് സബ്സിഡി വിലയില്‍ തക്കാളി ലഭ്യമാകുമെന്ന് ഈ നടപടി ഉറപ്പാക്കുന്നു' ,-പ്രസ്താവന പറയുന്നു. വിപണി വില സ്ഥിരമാകുന്നതുവരെ സംഭരണശ്രമങ്ങള്‍ തുടരാനാണ് വകുപ്പിന്റെ പദ്ധതി.

Tags:    

Similar News