ഡിജിറ്റല്‍ പേയ്‌മെന്റില്‍ മൂന്നു മടങ്ങ് വര്‍ധനയുണ്ടാകും: 'പേയ്‌മെന്റ്‌സ് വിഷന്‍ 2025'

 രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടാകുമെന്ന് ആര്‍ബിഐ. ഡിജിറ്റല്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട 'പേയ്‌മെന്റ്‌സ് വിഷന്‍ 2025' രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനയുണ്ടാകുമെന്നും അച്ചടിച്ച കറന്‍സിയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും, എവിടേയും, ഏത് സമയത്തും ഇ-പേയ്‌മെന്റ് സാധ്യമാക്കുക എന്നതാണ് പേയ്‌മെന്റ്‌സ് വിഷന്‍ 2025ന്റെ പ്രമേയം. ആര്‍ബിഐയുടെ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും വേണ്ടിയുള്ള ബോര്‍ഡില്‍ നിന്നുള്‍പ്പടെ നിരവധി ശ്രോതസ്സുകളില്‍ നിന്നുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയിരിക്കുന്നത്. ഏഴ് […]

Update: 2022-06-18 06:12 GMT
രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടാകുമെന്ന് ആര്‍ബിഐ. ഡിജിറ്റല്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട 'പേയ്‌മെന്റ്‌സ് വിഷന്‍ 2025' രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വര്‍ധനയുണ്ടാകുമെന്നും അച്ചടിച്ച കറന്‍സിയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും, എവിടേയും, ഏത് സമയത്തും ഇ-പേയ്‌മെന്റ് സാധ്യമാക്കുക എന്നതാണ് പേയ്‌മെന്റ്‌സ് വിഷന്‍ 2025ന്റെ പ്രമേയം. ആര്‍ബിഐയുടെ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും വേണ്ടിയുള്ള ബോര്‍ഡില്‍ നിന്നുള്‍പ്പടെ നിരവധി ശ്രോതസ്സുകളില്‍ നിന്നുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയിരിക്കുന്നത്. ഏഴ് നിര്‍ദ്ദിഷ്ട ചുവടുവെപ്പുകളും ഇവയില്‍ നിന്നും പ്രതീക്ഷിക്കുന്ന പത്ത് ഫലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പേയ്മെന്റ് വിഷന്‍ 2019-21ന്റെ ചുവടുവെപ്പുകളെ അടിസ്ഥാനമാക്കിയാണ് പേയ്മെന്റ് വിഷന്‍ 2025 നിര്‍മ്മിച്ചിരിക്കുന്നത്.
രേഖ പ്രകാരം ചെക്ക് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളുടെ അളവ് മൊത്തം റീട്ടെയില്‍ പേയ്മെന്റുകളുടെ 0.25 ശതമാനത്തില്‍ താഴെയും, ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ എണ്ണത്തില്‍ 3 മടങ്ങ് വര്‍ധനയും പ്രതീക്ഷിക്കുന്നു. യുപിഐ ശരാശരി വാര്‍ഷിക വളര്‍ച്ച 50 ശതമാനവും ഐഎംപിഎസ്/എന്‍ഇഎഫ്ടി 20 ശതമാനവും രേഖപ്പെടുത്തുമെന്നും ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പിഒഎസില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നും പേയ്‌മെന്റ്‌സ് വിഷന്‍ 2025 ചൂണ്ടിക്കാട്ടുന്നു. മൂല്യത്തിന്റെ കാര്യത്തില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം ക്രെഡിറ്റ് കാര്‍ഡുകളെ മറികടക്കുമെന്നും രേഖയിലുണ്ട്. നിലവില്‍ പ്രചാരത്തിലുള്ള ഫിയറ്റ് കറന്‍സിയുടെ (അച്ചടിച്ച നോട്ട്) അളവിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയും ഇത് ചൂണ്ടിക്കാട്ടുന്നു.
യുപിഐ ഉപയോഗം കുതിക്കുന്നു
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് നെഫ്റ്റിനെ (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) കടത്തിവെട്ടി യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) മുന്നേറുന്നുവെന്ന് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നെഫ്റ്റിലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 77 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ നെഫ്റ്റ് ട്രാന്‍സാക്ഷനുകളുടെ മൂല്യത്തില്‍ 6.5 ശതമാനവും ആകെ ട്രാന്‍സ്ഫറുകളില്‍ 22 ശതമാനം വളര്‍ച്ചയും മാത്രമാണ് കാണപ്പെട്ടത്.
2021ല്‍ മാത്രം നടന്ന ട്രാസ്ഫറുകളുടെ ആകെ മൂല്യത്തില്‍ 98 ശതമാനം വളര്‍ച്ചയാണ് യുപിഐയ്ക്ക് ലഭിച്ചത്. ആകെ ഇടപാടുകളില്‍ 104 ശതമാനം വളര്‍ച്ച യുപിഐ നേടി. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) 234 ശതമാനം വളര്‍ച്ച യുപിഎ പേയ്മെന്റുകളില്‍ ഉണ്ടായി. മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്ക് അത്രയും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് മോത്തിലാല്‍ ഓസ് വാള്‍ സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ലളിതമായ ഉപയോഗ രീതിയും ഇതര ചാര്‍ജുകള്‍ ഇല്ലാത്തതും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായതിനാലാണ് യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യുപിഐ വഴി ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം എന്നില്ല.
സ്വീകര്‍ത്താവ് യുപിഐയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ യുപിഐ ക്യു ആര്‍ കോഡ് എന്നിവ ഉപയോഗിച്ച് ലളിതമായ പ്രക്രിയയിലൂടെ വേഗത്തില്‍ പണമയയ്ക്കാന്‍ സാധിക്കും. മറ്റ് തരത്തിലുള്ള ബാങ്ക് ട്രാന്‍സ്ഫറുകളില്‍ രണ്ടു മുതല്‍ അഞ്ചു രൂപ വരെ ട്രാന്‍സ്‌ക്ഷന്‍ ചാര്‍ജ്ജ് ആയി ഈടാക്കും. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ഇത്തരം ചാര്‍ജ്ജുകളില്ല. 2020 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുപിഐയുടെ ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ക്കറ്റ് വിഹിതം 8.1 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 40.7 ലക്ഷം കോടി രൂപ മൂല്യമുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ 60 ശതമാനവും നെഫ്റ്റ് വഴിയാണ് നടന്നതെന്നും എന്നാല്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് 20 ശതമാനം അധിക ട്രാന്‍സ്ഫറുകള്‍ യുപിഐയിലേക്ക് എത്തിയെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
Tags:    

Similar News